കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാറും, കെപിസിസി ജന.സെക്രട്ടറി അഡ്വ.കെ.ജയന്തും ശ്രമിക്കുകയാണെന്ന് ചേവായൂര്‍ സഹകരണ ബാങ്ക് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബാങ്ക് സംബന്ധമായി ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചിട്ടും, പ്രശ്‌ന പരിഹാരമുണ്ടാക്കാതെ ബാങ്കില്‍ പ്രശ്‌നമുണ്ടാക്കിയവരെ സംരക്ഷിക്കാനാണ് ഡിസിസി പ്രസിഡണ്ട് ശ്രമിക്കുന്നത്. പതിനൊന്നംഗ ഭരണ സമിതിയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമടക്കം 9 പേരടങ്ങുന്നതാണ് ചേവായൂര്‍ സഹകരണ ബാങ്ക് സംരക്ഷണ സമിതി. വിമതരായി മത്സരിച്ച് വിജയിച്ച രണ്ട് പേര്‍ക്ക് വേണ്ടിയാണ് ഡിസിസി പ്രസിഡണ്ടും, കെപിസിസി ജന.സെക്രട്ടറിയും നിലകൊള്ളുന്നത്. ഇത് ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി കോഴിക്കോട് നഗരത്തില്‍ നേതൃത്വം കൊടുക്കുന്ന ഏക ബാങ്കാണിത്. 34000ത്തോളം അംഗങ്ങളും, 600 കോടി മൂലധനവുമുളള ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചൂട്ട് പിടിക്കുന്നത് അവസാനിപ്പിക്കണം. കെപിസിസി പ്രസിഡണ്ട് കെ.സുധാകരനിലുള്ള സ്വാധീനം ഉപയോഗിച്ച് അഡ്വ.കെ.ജയന്ത് ഇടപെടുന്നത് ബാങ്കിനെ സംരക്ഷിക്കാനല്ലെന്ന് അവര്‍ ആരോപിച്ചു.ബാങ്കിന്റെ ഭരണ സമിതിയുടെ കാലാവധി തീരാന്‍ ഇനി ഏഴുമാസം മാത്രമാണുള്ളത്. ബാങ്ക് ചെയര്‍മാന്‍ അഡ്വ.ജി.സി.പ്രശാന്ത് കുമാറിനെ ഡിസിസി പ്രസിഡണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 2023 ഒക്ടോബര്‍ 5ന്റെ സഹകരണ സെമിനാറില്‍ പങ്കെടുത്തു എന്ന പേരു പറഞ്ഞ് 4 മാസത്തിന് ശേഷം മാര്‍ക്‌സിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് അഡ്വ.ജി.സി.പ്രശാന്ത് കുമാറിനെതിരെ നടപടിയെടുത്തത്. സഹകരണ സെമിനാറില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ അഡ്വ.ജി.സി.പ്രശാന്തിന്റെ പേരില്‍ മാത്രം നടപടിയെടുത്തത് ഡിസിസി പ്രസിഡണ്ടിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ്. സംഘടനാ നടപടിക്ക് വിധേയരായ പല നേതാക്കളെയും തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്ന ഘട്ടത്തില്‍ ജി.സി.പ്രശാന്തിന് നീതി നിഷേധിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല. ജി.സി.പ്രശാന്ത് കുമാര്‍ കോഴിക്കോട് ജില്ലയിലെ പ്രൈമറി സഹകരണ സംഘങ്ങളുടെ പ്രസിഡണ്ടാണ്. അതുകൊണ്ടു തന്നെ കക്ഷി രാഷ്ട്രീയം നോക്കാതെ സംഘങ്ങളിലെ ഭരണ സമിതികള്‍ അദ്ദേഹവുമായി ബന്ധപ്പെടും. സഹകരണ രംഗത്തെ പ്രശ്‌നങ്ങളില്‍ സഹകാരി എന്ന നിലയിലാണ് ഇടപെടുന്നത്. നിരന്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ റിബല്‍ വിഭാഗം മുന്‍ മേയര്‍ പി.ടി മധുസൂദനക്കുറുപ്പടക്കം കോണ്‍ഗ്രസ് സ്ഥിരമായി ജയിച്ചു പോന്ന വെള്ളിമാട് കുന്ന് 15-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ടി.കെ.ചന്ദ്രനെ മാര്‍ക്‌സിസ്റ്റ് സ്വതന്ത്രനായി നിര്‍ത്തി കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ നേതൃത്വം കൊടുത്ത പി.ഉല്ലാസ് കുമാറിനെ ഇപ്പോള്‍ ബ്ലോക്ക് സെക്രട്ടറിയായി ഡിസിസി പ്രസിഡണ്ട് നോമിനേറ്റ് ചെയ്തിരിക്കുന്നത്. കെ.പി.സി.സി പ്രസിഡണ്ടില്‍ അഡ്വ.കെ.ജയന്ത് കുമാറിനുള്ള സ്വാധീനം ഭയന്ന് ജില്ലയിലെ ഉന്നത പാര്‍ട്ടി ഭാരവാഹികളടക്കം സത്യം മനസ്സിലാക്കിയിട്ടും പ്രതികരിക്കാന്‍ ഭയപ്പെടുകയാണ്. തിരഞ്ഞെടുത്ത ഭരണ സമിതിക്കെതിരെ മറു വിഭാഗം കൊടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക, ഉല്ലാസ് കുമാറിനെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുക, എന്ന തീരുമാനം പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചതായിരുന്നു. ഇതംഗീകരിച്ച് ബാങ്ക് ഭരണ സമിതി മുന്നോട്ട് പോയെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചവര്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തില്ല. പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ച് മേല്‍ തീരുമാനങ്ങള്‍ അട്ടിമറിച്ച് ഉല്ലാസ് കുമാറിനെ ഉപധികളില്ലാതെ ജോലിക്കെടുക്കണമെന്നും ഇല്ലെങ്കില്‍ നേതൃത്വത്തെ പൂര്‍ണ്ണമായി അംഗീകരിച്ച ബാങ്ക് ചെയര്‍മാനെ സസ്‌പെന്റ് ചെയ്യുമെന്നും ഡിസിസി പ്രസിഡണ്ട് തീരുമാനിച്ചത് കെപിസിസി ജന.സെക്രട്ടറി കെ.ജയന്തിന്റെ അപ്രമാദിത്വം കാരണമാണ്. കെപിസിസി പ്രസിഡണ്ട് കെ.സുധാകരനെ അഡ്വ.കെ.ജയന്ത് തെറ്റിദ്ധരിപ്പിച്ചതാണ്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനടക്കമുള്ള ഗൂഢ നീക്കമാണോ ഡിസിസി പ്രസിഡണ്ട് നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തനിക്കപ്പുറമുള്ള അധികാര കേന്ദ്രം ഉണ്ടാവാന്‍ പാടില്ല എന്ന രീതിയിലാണ് അഡ്വ.കെ.പ്രവീണ്‍ കുമാറിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ തീരുമാനിച്ചാല്‍ പോലും കോണ്‍ഗ്രസിനെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല എന്ന് നിശ്ചയിച്ച് പാര്‍ട്ടിയുടെ ലിക്വിഡേറ്ററായിരിക്കുകയാണ് അഡ്വ.കെ.പ്രവീണ്‍കുമാര്‍. ഇത്തരം ഏകാധിപത്യ നടപടികള്‍ കോണ്‍ഗ്രസിനെ അപചയത്തിലേക്ക് നയിക്കും. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണമെന്ന ചിന്തയാണ് നേതൃത്വത്തിന്. ആനപ്പുറത്ത് നിന്ന് ഏതെങ്കിലും കാലം ഇറങ്ങേണ്ടി വരുമെന്ന ബോധ്യം അഡ്വ.പ്രവീണ്‍ കുമാറിനുണ്ടാവുമായിരുന്നുവെങ്കില്‍ അദ്ദേഹം ഇങ്ങനെയൊന്നും പെരുമാറുമായിരുന്നില്ല. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കൂടെ അടിയുറച്ച് നില്‍ക്കുമെന്നും അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജാവ് നഗ്നനാണെന്ന് പറയാന്‍ മടിക്കുന്ന നേതൃത്വം വലിയ വിലയാണ് ഇതിന് കൊടുക്കേണ്ടിവരികയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് മുന്‍ പ്രസിഡണ്ടും ഡിസിസി അംഗവുമായ വി.വിശ്വനാഥന്‍ മാസ്റ്റര്‍, കെപിസിസി മെമ്പര്‍ കെ.വി.സുബ്ര്മണ്യന്‍, ബാങ്ക് ചെയര്‍മാന്‍ അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍, ജന.കണ്‍വീന്‍ എം.പി.വാസുദേവന്‍, ഡിസിസി മെമ്പര്‍ കെ.പ്രകാശന്‍, സംരക്ഷണ സമിതി ട്രഷറര്‍ പി.ടി.രാജേഷ്, ബാങ്ക് വൈസ് ചെയര്‍മാന്‍ കെ.പി.പുഷ്പരാജ് എന്നിവര്‍ സംബന്ധിച്ചു.