ജീവിതത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ വന്നു ചേരാറുണ്ട്. അവയൊക്കെ തരണം ചെയ്യുവാന്‍ നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിക്കേണ്ടി വരുന്നു. ചിലപ്പോള്‍ ചര്‍ച്ചകളും പഠനങ്ങളും വേണ്ടിവരുന്നു. ചര്‍ച്ചകളിലൂടെ അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാനാകുന്നു. അതില്‍ നന്മയും പ്രകടിപ്പിച്ചുവെന്ന് വരാം. അവിടെ പൊതുവായി എടുക്കുന്ന തീരുമാനങ്ങള്‍ സ്വീകാര്യമായി വന്നെന്നും വരാം. അത് ശരിയും തെറ്റും കണ്ടെത്താനാകുന്നു. എന്നാല്‍ പക്ഷപാദപരമായിട്ട് നീങ്ങുമ്പോള്‍ അവിടെ തര്‍ക്കങ്ങളായി. ഏകപക്ഷീയമായ നിലപാടുകള്‍ ഒരിക്കലും ആരോഗ്യപരമായിരിക്കില്ല. അവിടെ പ്രകടമാകുന്ന നിര്‍ബന്ധബുദ്ധി തെറ്റുകള്‍ ആവര്‍ത്തിച്ചെന്നു വരാം.അത് വാഗ്വാദങ്ങള്‍ സൃഷ്ടിക്കുന്നു. പൊള്ളയായ വാഗ്വാദങ്ങള്‍ ഞാന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന മാതിരി വികലത സൃഷ്ടിക്കും. അതു കൊണ്ട് ചര്‍ച്ചകളായിരിക്കും എന്തുകൊണ്ടും അഭികാമ്യം. അവിടെ ശരിയും തെറ്റും തിരിച്ചറിയാനാകുന്നു. ചിലവസ്തുകളില്‍ എനിക്കു ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്കു തെറ്റായി ഭവിക്കാം. അതുപോലെ മറിച്ചും വന്നെന്നു വരാം. ഇവിടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. ഒരു തര്‍ക്കവും യഥാര്‍ത്ഥ സത്യത്തില്‍ ചെന്നവസാനിക്കുന്നില്ല. തീരുമാനങ്ങളില്‍ പോലും സത്യം കാണണമെന്നില്ല. അതിനാല്‍ നാം യുക്തിയും ബോധവും ഉപയോഗിച്ചുള്ള സമീപനം ചര്‍ച്ചകളില്‍ ഫലം കണ്ടെത്താനാകും. വിട്ടുവീഴ്ചാ മനോഭാവം ഇരുകൂട്ടരില്‍ നിന്നും ഉണ്ടാകണം. എങ്കിലെ ചര്‍ച്ചകള്‍ വിജയപ്രാപ്തി നേടൂ. സത്യം തികച്ചും ന്യായയുക്തമായിരിക്കും. തര്‍ക്കമറ്റതായിരിക്കും. ജയിക്കാനുള്ള വാദങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ല.സത്യത്തെ അറിയുകയും സത്യസന്ധതയിലൂടെ ജീവിക്കുകയും ചെയ്യുമ്പോള്‍ തര്‍ക്കങ്ങള്‍ ഇല്ലാതാകുകയും എല്ലാം ഈശ്വരപാദങ്ങളില്‍ സമര്‍പ്പിച്ച് ശാന്തിയും സമാധാനവും നിലനിര്‍ത്താനാകുന്നു. ശാന്തിയും സമാധാനവും ഉള്ളിടത്ത് ഈശ്വര ചൈതന്യം കുടിയിരിക്കും. ഈശ്വര ചൈതന്യം മനസ്സിന്റെ നിര്‍മ്മലത വര്‍ദ്ധിപ്പിക്കും. മനസ്സ് നിര്‍മ്മലാവസ്ഥയിലെങ്കില്‍ തര്‍ക്കങ്ങളെല്ലാം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചര്‍ച്ചകളിലൂടെ സ്വീകാര്യത വന്നു ചേരുകയും ചെയ്യുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍:9867 24 2601
ഇന്നത്തെ ചിന്താവിഷയം;
വാഗ്വാദവും ചര്‍ച്ചയും തമ്മിലുള്ള വ്യത്യാസം