യുഎഇയില്‍ 75 വര്‍ഷത്തിനിടെയിലെ ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയായിലായി. ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറിയതിനാല്‍ ഒട്ടുമിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇയില്‍ ആദ്യമായാണ് ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്. അല്‍ ഐനില്‍ 254 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വെള്ളം കയറി എല്ലാ രീതിയിലുമുള്ള ഗതാഗതവും താറുമാറായി. ദുബായ് വിമാനത്താവളത്തിലെ റണ്‍ വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എമിറേറ്റ്‌സ് അര്‍ധരാത്രി വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ്, ഇത്തിഹാദ് വിമാനങ്ങളും ഒട്ടുമിക്ക സര്‍വീസുകളും റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്തിരിക്കുകയാണ്. അതേസമയം റോഡിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താനാവാത്ത സ്ഥിതിയും ഉണ്ട്.
ദുബായ് അബുദാബി, ദുബായ് ഷാര്‍ജ, ദുബായ് അജ്മാന്‍ ഇന്റര്‍നെറ്റ് സിറ്റി ബസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. ഒപ്പം മെട്രോയുടെ റെഡ് ഗ്രീന്‍ ലൈനുകളിലെ വിവിധ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സര്‍വീസ് തടസപ്പെട്ടേക്കുമെന്നും ആര്‍ടിഎ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ സര്‍വീസ് നീട്ടിയിരുന്നെങ്കിലും സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സര്‍വീസ് പല ഭാഗത്തേക്കും തടസപ്പെട്ടിരുന്നു.
രാവിലെ മുതല്‍ മഴയ്ക്ക് ശമനുണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങിയിട്ടില്ല, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. അത്യാവശ്യഘട്ടങ്ങളില്‍ അല്ലാതെ പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.