പലപ്രദമായ ചര്‍ച്ചകള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം
കെ. വിജയന്‍ നായര്‍ മുംബൈ
ഏതു വിഷയം എടുത്താലും അവിടെ പലപ്പോഴും തര്‍ക്കങ്ങള്‍ വന്നുചേരാം. തര്‍ക്കങ്ങള്‍ ആരോഗ്യപരമായിരിക്കണം. ഒരിക്കലും വാഗ്വാദങ്ങള്‍ കീറാമുട്ടിയാകരുത്. തര്‍ക്കം പരിഹരിക്കാതെ വരുമ്പോളാണ് ചര്‍ച്ചയുടെ പ്രധാനം. ചര്‍ച്ചകള്‍ ഊഷ്മളമെങ്കില്‍ വഴിയും കണ്ടെത്തും. ഏതു ചര്‍ച്ചകളിലും വിട്ടുവീഴ്ചാ മനോഭാവം അത്യന്താപേക്ഷിതമത്രെ. തെറ്റും ശരിയും തിന്മയും നന്മയും എവിടെയും കാണാം. ഒരു ചര്‍ച്ചയില്‍ ഇവകളെ വേര്‍തിരിക്കാനാകുന്നുവെങ്കില്‍ അവിടെ നേട്ടത്തിനു വഴിതുറക്കുന്നു. കൂട്ടായിട്ടുള്ള അഭിപ്രായമാണ് അഭികാമ്യം. അത് വന്നു ചേരുന്നില്ലായെങ്കില്‍ ഭുരിപക്ഷ അഭിപ്രായം നിയമമാക്കി തര്‍ക്ക പരിഹാരമാകാം. ഇന്നു കണ്ടുവരുന്നത് ഈ പ്രവണതയത്രെ. സാമൂഹ്യ നന്മയെ ആധാരമാക്കി നീതിന്യായ ചട്ടങ്ങള്‍ ഏവരും പാലിച്ചിരിക്കണം. മര്യാദകളും സഭ്യതകളും വിട്ടുള്ള സംസാരങ്ങള്‍ അരുത്. ആരോഗ്യപരമായ ചര്‍ച്ചകള്‍ ഫലപ്രദമായി ഭവിക്കും. വിഷയത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ നിജസ്ഥിതിയെ നാം മനസ്സിലാക്കിയിരിക്കണം. ഒരിക്കലും ഞാന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പെന്ന പ്രവണത ആകരുത്. തെറ്റ് ഒരിക്കലും ശരിയാകില്ല. അതുപോലെ ശരിയെ തെറ്റാക്കാനും കഴിയില്ല. അതായത് യാഥാര്‍ത്ഥ്യങ്ങള്‍ അധികനാള്‍ മറച്ചു വയ്ക്കാനാകില്ല. സ്വാധീനവും സ്വാര്‍ത്ഥവും പലപ്പോഴും അപരാധങ്ങളെ മറച്ചുവയ്ക്കാനായേക്കാം. അവിടെ അങ്ങനെ രക്ഷപ്രാപിക്കുന്നതെന്തും ശാശ്വത പരിഹാരത്തിലെത്തിയെന്നു പറയാനാകില്ല. ഒരു തരം കണ്ണില്‍ പൊടിയിടുന്ന പരിപാടി മാത്രം. അതിനാല്‍ തന്നെ അധികനാള്‍ നമുക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഒരു നാള്‍ സത്യം മറ നീക്കി ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യും. കാരണം സത്യം ഈശ്വരന്‍ ആണ്. ഈശ്വരന്‍ മനുഷ്യന് മുന്നില്‍ നിലകൊള്ളുന്നു. ഈശ്വരാത്മകതയോടെ തര്‍ക്കങ്ങളെ സമീപിക്കുന്നിടത്ത് വഴിയും ലഭ്യമാകും. നാം അറിഞ്ഞു കൊണ്ട് ദ്രോഹങ്ങള്‍ ചെയ്യാതിരിക്കുക. നമ്മുടെ പ്രവര്‍ത്തികള്‍ മറ്റൊരാള്‍ക്ക് ദോഷമായി ഭവിക്കരുത്. കാരണം നമ്മളെല്ലാവരും ആത്മാവു കൊണ്ട് സഹോദരങ്ങളത്രെ. ഒരു സഹോദരന് തന്റെ സഹോദരങ്ങളെ നോവിക്കാനാകില്ല ദ്രോഹിക്കാനാവില്ല. വഞ്ചിക്കാനാവില്ല. കാരണം മിത്രഭാവം അത്ര അമൂല്യമത്രെ. കോപം വര്‍ജ്ജിക്കുക. തര്‍ക്കങ്ങളില്‍ കോപത്തെ കൂട്ടുപിടിക്കാതിരിക്കുക. പകരം പരസ്പര ബഹുമാനവും സ്‌നേഹവും പുലര്‍ത്തുക. അങ്ങനെ വരുമ്പോള്‍ ഏതു ചര്‍ച്ചകളും ഫലപ്രദമാകുന്ന യാഥാര്‍ത്ഥ്യത്തെ കണ്ടെത്താനാകുന്നു. അങ്ങനെ ചര്‍ച്ച വിജയപ്രാപ്തി നേടുന്നു. ഏവര്‍ക്കും സുദിനവും ആയുരാരോഗ്യവും നേരുന്നു.
ഇന്നത്തെ ചിന്താവിഷയം