തൃശൂര്‍: പൂരം എഴുന്നള്ളത്തില്‍ നിയന്ത്രണങ്ങളുമായി ഹൈക്കോടതി. പൂരത്തിന് ആനകളും ആളുകളും തമ്മിലുള്ള ദൂര പരിധി 6 മീറ്ററാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ പരിധിയില്‍ താളമേളങ്ങളും തീവെട്ടിയും പടക്കവുമൊന്നും പാടില്ലെന്നും കോടതി നിര്‍ദേശം നല്‍കി. കുടമാറ്റത്തിന് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഓരോ സര്‍ട്ടിഫിക്കറ്റും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കുന്നതിന് മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി ചുമതലപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്നും കോടതി വ്യക്തമാക്കി.
തൃശൂര്‍പൂരം; നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഹൈക്കോടതി