ആര്യവൈദ്യശാല ധര്‍മ്മാശുപത്രി – സേവനത്തിന്റെ നൂറ് വര്‍ഷങ്ങള്‍
മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍, സാന്ത്വനചികിത്സയ്ക്ക് കൂട്ടായ നേതൃത്വവും പങ്കാളിത്തവും നല്‍കേണ്ടത് പരിഷ്‌കൃതസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഡോ. ഇ. ദിവാകരന്‍ അഭിപ്രായപ്പെട്ടു. എല്ലാ ചികിത്സകളും കഴിഞ്ഞശേഷം, മരണം ആസന്നമായ സമയത്ത് നല്‍കേണ്ട ചികിത്സയല്ല സാന്ത്വനചികിത്സ.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മ്മാശുപത്രിയുടെ കീഴില്‍ ആരംഭിക്കുന്ന ”സഞ്ജീവനം” പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയ്ക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു. സാന്ത്വനചികിത്സാമേഖലയില്‍ രോഗികളുടെ ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആധുനികചികിത്സയുടെ കൂടെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍കൂടി ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ഗുണംചെയ്യുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ദീര്‍ഘനാളത്തെ ചികിത്സയും വിശ്രമവും ആവശ്യമുള്ള എല്ലാ രോഗാവസ്ഥകളിലും സാന്ത്വനചികിത്സയ്ക്ക് ഗുണാത്മകമായ പങ്ക് നിര്‍വഹിക്കുവാന്‍ സാധിക്കുന്നതാണ്. കാന്‍സര്‍ ചികിത്സയില്‍ മാത്രം ആവശ്യമുള്ളതാണ് സാന്ത്വനചികിത്സ എന്ന ധാരണ മാറേണ്ടിയിരിക്കുന്നു. ഈയൊരു ഉദ്ദേശ്യത്തോടെ എല്ലാ ആശുപത്രികളിലും സാന്ത്വനചികിത്സാകേന്ദ്രം ആരംഭിക്കുന്നത് രോഗികളുടെ ജീവിതഗുണമേന്മ വര്‍ധിപ്പിക്കുവാന്‍ സഹായകമാവും.
ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ മാനവിക പക്ഷത്തുനിന്ന് ലോകത്തെ വീക്ഷിച്ചതിന്റെ അനന്തരഫലമാണ് ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ സ്ഥാപനം. മനുഷ്യജീവിതത്തിന്റെ മഹാസങ്കടമാണ് രോഗാവസ്ഥ. രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സാന്ത്വനമാണ് സഞ്ജീവനം. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി ആര്യവൈദ്യശാല പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന മാനവസേവയുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് സഞ്ജീവനം പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇ. നാരായണന്‍കുട്ടി വാരിയര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ആര്യവൈദ്യശാല സി.ഇ.ഒ. ശ്രീ കെ. ഹരികുമാര്‍, ആര്യവൈദ്യശാല ഓണററി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ (മോഡേണ്‍ മെഡിസിന്‍) ഡോ. പി. ബാലചന്ദ്രന്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി പുതുക്കിടി മറിയാമു, ഡോ. പി.ആര്‍. രമേഷ്, യൂണിയന്‍ നേതാക്കളായ എം. രാമചന്ദ്രന്‍, കെ. മധു, എം.വി. രാമചന്ദ്രന്‍, കെ.പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
ആര്യവൈദ്യശാല ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍ സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. മധു നന്ദിയും പറഞ്ഞു.
ക്ലിനിക്കിന്റെ ഒ.പി. സമയം രാവിലെ 8 മുതല്‍ 11 വരെയും വൈകുന്നേരം 3 മുതല്‍
4 മണി വരെയും ആയിരിക്കുമെന്നും, രോഗാവസ്ഥ അനുസരിച്ച് കിടത്തിചികിത്സയടക്കമുള്ള സേവനങ്ങള്‍ സഞ്ജീവനം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ ലഭ്യമാവുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ. ലേഖ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0483-2806600.