ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് വലിയ വിജയം
ധാക്ക: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ കാമിന്ദു മെന്‍ഡിസ്. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയാണ് കാമിന്ദു മെന്‍ഡിസ് ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രം തിരുത്തിയത്.
ഒരു ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഏഴ്, അതിനു താഴെ സ്ഥാനത്തു ബാറ്റിങ്ങിനിറങ്ങി സെഞ്ച്വറികള്‍ കണ്ടെത്തുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സില്‍ ആറാമനായി എത്തി 102 റണ്‍സും രണ്ടാം ഇന്നിങ്സില്‍ എട്ടാമനായി ക്രീസിലെത്തി 164 റണ്‍സും താരം അടിച്ചെടുത്തു.
25കാരന്റെ രണ്ടാം ടെസ്റ്റാണിത്. നാലിന്നിങ്സില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.
ഒന്നാം ടെസ്റ്റില്‍ ശ്രീലങ്ക 328 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി. ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും രണ്ടിന്നിങ്സിലും മെന്‍ഡിസിനൊപ്പം സെഞ്ച്വറി നേടി. 102, 108 എന്നിങ്ങനെയായിരുന്നു ക്യാപ്റ്റന്റെ സ്‌കോറുകള്‍. രണ്ടിന്നിങ്സിലും 200 പോലും കടക്കാന്‍ ബംഗ്ലാദേശിനു സാധിച്ചില്ല.