കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി പീഡനമെന്ന് മുത്തേരിയില്‍ മൂജീബ് റഹ്‌മാന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബ് റഹ്‌മാനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
കോവിഡ് കാലത്ത് പണിക്ക് പോകുന്നതിനിടെ, ഒരു ഓട്ടോ വരുന്നത് കണ്ട് താന്‍ അതിന് കൈകാണിച്ചു. കയറുന്നതിനിടെ, ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു അയാളുടെ മറുപടി. പിന്നാലെ ഓട്ടോയില്‍ കെട്ടിയിട്ട ശേഷം മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ശേഷം മുജീബ് ആഭരണങ്ങളുമായി കടന്നുകളയുകായിരുന്നെന്ന് വയോധിക പറഞ്ഞു. കേസില്‍ ഇപ്പോഴും കോടതി നടപടികള്‍ തുടരുകയാണ്. ഇനിയെങ്കിലും മുജീബിന് തക്കതായ ശിക്ഷ നല്‍കണമെന്ന് അവര്‍ പറഞ്ഞു. 2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
വിവിധ സ്റ്റേഷനുകളിലായി അന്‍പതിലേറെ കേസുകള്‍ മുജീബ് റഹ്‌മാനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. കൊണ്ടോട്ടി സ്റ്റേഷനില്‍ മാത്രം 13 കേസുകളുണ്ട്. മലപ്പുറം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായിട്ടാണ് മറ്റ് 44 കേസുകള്‍. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയിലെ മോഷണത്തില്‍ അറസ്റ്റിലായ മുജീബ് റഹ്‌മാന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ സഹായിയാണ്.
കുറുങ്കുടി മീത്തല്‍ അനുവിനെ (27) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുജീബ് റഹ്‌മാന്‍ തോട്ടില്‍ മുക്കി കൊലപ്പെടുത്തി ആഭണങ്ങള്‍ കവര്‍ന്നത്. കൊലപാതകത്തിന് മുമ്പായി മുജീബ് റഹ്‌മാന്‍ പലതവണ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. യുവതിയെ ബൈക്കില്‍ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങള്‍ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്.കൃത്യത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍ പോലും ഹെല്‍മെറ്റ് ഊരിയില്ലെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മുജീബ് റഹ്‌മാന്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. പ്രതിയെ പൊലീസ് വീട്ടില്‍ നിന്നും പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.