ഗുജറാത്തില്‍ ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ഗുജറാത്തില്‍ ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ഗാന്ധിനഗര്‍: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. 20-25 പേര്‍ വരുന്ന സംഘം ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. റംസാന്‍ വ്രതത്തോടനുബന്ധിച്ച് രാത്രി 10.30 ഓടെ എ ബ്ലോക് ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ആ സമയത്ത് മൂന്ന് പേര്‍ ഹോസ്റ്റലില്‍ കയറിവന്ന് അവരോട് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഇരുപത്തഞ്ചോളം പേരെ കൂട്ടി വന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലും ഇരുമ്പുവടിയും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തിയാണ് സംഘം ആക്രമിച്ചത്.

ശ്രീലങ്ക, തുര്‍ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമികള്‍ ഇവരുടെ മുറികള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാര്‍ത്ഥികളുടെ വണ്ടികളും മുറിയും സാധനങ്ങളും നശിപ്പിക്കുന്നതും വിഡിയോയിലുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അക്രമികളില്‍ ചിലര്‍ ഹോസ്റ്റലിന്റെ പരിസരങ്ങളില്‍ കണ്ടിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

 

ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍ 300ഓളം വിദേശ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എ ബ്ലോക് ഹോസ്റ്റലില്‍ 75 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഗുജറാത്തില്‍ ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

Share

Leave a Reply

Your email address will not be published. Required fields are marked *