കൊച്ചി: എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കൂടുതല്‍ കേസ് രേഖകള്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകള്‍ അടക്കം നഷ്ടമായി. 2016ല്‍ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരാണ് പ്രതികള്‍. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് വിവരം പുറത്തുവന്നത്. എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടു. അഭിമന്യൂ കേസിലെ രേഖകള്‍ നഷ്ടപ്പെട്ടത് നേരത്തെ മീഡിയവണ്‍ പുറത്തുവിട്ടിരുന്നു.
അഭിമന്യൂ കേസില്‍ വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് രേഖകള്‍ നഷ്ടപ്പെട്ട വിവരം പ്രത്യേക കോടതി ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടാകുമോ എന്ന കാര്യം മാര്‍ച്ച് 18ന് അറിയാം. രേഖകള്‍ പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു തടസങ്ങളുണ്ടെങ്കില്‍ 18ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ കാണാതായത് ഹൈക്കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. രേഖകള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ നഷ്ടമായെന്ന സംശയം നില്‍ക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ പ്രോസിക്യൂഷന്‍ വീണ്ടും തയാറാക്കുന്ന രേഖകളെ കോടതിയില്‍ ചോദ്യംചെയ്യാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
കുറ്റപത്രം, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് അടക്കം 11 രേഖകളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്ന് നഷ്ടമായിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രേഖകള്‍ വീണ്ടും തയാറാക്കുകയാണ് പ്രോസിക്യൂഷന്‍. അപ്പോഴും സുപ്രധാന രേഖകള്‍ കാണാതായതില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. രേഖകള്‍ 2022ല്‍ തന്നെ നഷ്ടമായെന്ന സംശയമാണ് നിലനില്‍ക്കുന്നത്.
മോദിക്കെതിരായ വധഭീഷണിക്കേസിലെ രേഖകള്‍ കാണാനില്ല