രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്; 42ാം തവണ

രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്; 42ാം തവണ

രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്; 42ാം തവണ

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്. ഫൈനലില്‍ വിദര്‍ഭയെ 169 റണ്‍സിനു വീഴ്ത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. 42ാം തവണയാണ് മുംബൈ രഞ്ജിയില്‍ ചാമ്പ്യന്‍മാരാകുന്നത്. മുംബൈ മുന്നില്‍ വച്ച കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിദര്‍ഭ 368 റണ്‍സില്‍ പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 224 റണ്‍സാണ് മംബൈക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 105 റണ്‍സില്‍ അവസാനിച്ചു. 119 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മുംബൈ നേടിയത്.

ക്യാപ്റ്റന്‍ അക്ഷയ് വാധ്കര്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. വാലറ്റത്തെ ക്ഷണത്തില്‍ മടക്കിയാണ് മുംബൈ ജയം പിടിച്ചത്. അക്ഷയ് 102 റണ്‍സെടുത്തു. വെറ്ററന്‍ താരം കരുണ്‍ നായര്‍ (74), ഹര്‍ഷ് ഡുബെ (65) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. നാല് വിക്കറ്റുകള്‍ വീഴ്ത്തി തനുഷ് കൊടിയന്‍ മുംബൈ ബൗളിങില്‍ തിളങ്ങി. തുഷാര്‍ ദേശ്പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ സീസണില്‍ ഉടനീളം മിന്നും ഫോമില്‍ ബാറ്റ് വീശിയ മുഷീര്‍ ഖാന്റെ കരുത്തുറ്റ സെഞ്ച്വറിയാണ് മുംബൈക്ക് മികച്ച സ്‌കോര്‍ രണ്ടാം ഇന്നിങ്‌സില്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (73), തിരിച്ചു വരവില്‍ ഒടുവില്‍ ഫോമിലെത്തിയ ശ്രേയസ് അയ്യര്‍ (95), പുറത്താകാതെ 50 റണ്‍സടിച്ച ഷംസ് മുലാനി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിനു നിര്‍ണായക സ്‌കോര്‍ സമ്മാനിച്ചു.

വിദര്‍ഭയ്ക്കായി ഹര്‍ഷ് ഡുബെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ മൂന്നും വിക്കറ്റെടുത്തു. നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവരുടെ ബൗളിങാണ് വിദര്‍ഭയെ ഒന്നാം ഇന്നിങ്സില്‍ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാര്‍ദു ഠാക്കൂര്‍ നേടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *