പഞ്ഞിമിഠായിക്കും ഗോബി മഞ്ചൂരിയനും കര്‍ണാടകയിലും വിലക്ക്. ആരോഗ്യകരമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം ഇവയുടെ വില്‍പന നിരോധിച്ചത്. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഗോവയില്‍ ഗോബി മഞ്ചൂരിയനും തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പഞ്ഞിമിഠായിയും നിരോധിച്ചിരുന്നു.
കര്‍ണാടകയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, 171 ഗോബി മഞ്ചൂരിയന്‍ സാംപിളുകളില്‍ 107 എണ്ണത്തിലും 25 പഞ്ഞി മിഠായി സാംപിളുകളില്‍ 15 എണ്ണത്തിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളായ ടര്‍ട്രാസൈന്‍, കര്‍മോസിന്‍ കളര്‍ എന്നിവ കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇത് വില്‍പന നടത്തിയാല്‍ ഏഴു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. റസ്റ്ററന്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിറം ചേര്‍ക്കാത്ത വെള്ള പഞ്ഞിമിഠായി വില്‍ക്കാമെന്നും മന്ത്രി പറഞ്ഞു.
റൊഡാമിന്‍ബി അടക്കമുള്ള കൃത്രിമ നിറങ്ങള്‍ ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ബെംഗളൂരുവില്‍നിന്നും മറ്റിടങ്ങളില്‍ നിന്നും പരിശോധനയ്‌ക്കെടുത്ത 200 ലധികം സാംപിളുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി കര്‍ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞിടെ ഗോവയിലെ മാപുസ മുനിസിപ്പാലിറ്റി പരിധിയിലെ സ്റ്റാളുകളില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു. കൃത്രിമ നിറങ്ങളെക്കുറിച്ചും വൃത്തിയെക്കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മപുസ കൗണ്‍സിലര്‍ തരക് അരോല്‍ക്കര്‍ ആണ് ഗോബി മഞ്ചൂരിയന്‍ നിരോധനം എന്ന ആശയം മുന്നോട്ടുവച്ചത്. ഗോവയിലെ പ്രശസ്തമായ ബോഗേശ്വര ക്ഷേത്രത്തിലെ അഞ്ചുദിവസത്തെ വാര്‍ഷിക മേളയില്‍ റോഡരികിലെ തട്ടുകടകളില്‍ വൃത്തിഹീനമായ ഗോബി മഞ്ചൂരിയന്‍ വിഭവം വില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവിടെ 35 സ്റ്റാളുകളെങ്കിലും വിഭവം വിളമ്പുന്നുണ്ടായിരുന്നു. ഇത് അനുവദിക്കരുതെന്ന് അന്ന് അരോല്‍ക്കര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം വിഭവങ്ങളില്‍ കൃത്രിമനിറങ്ങളും അജിനോമോട്ടോ പോലെ ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒട്ടേറെ ആളുകള്‍ ഇതിനെ പിന്തുണച്ചതിനെ തുടര്‍ന്നാണ് മപുസയില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചത്.