മത്സരം പൂര്‍ത്തിയാകാതെ കളംവിട്ട ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; പിഴ രണ്ടാഴ്ചക്കകം നല്‍കണം

മത്സരം പൂര്‍ത്തിയാകാതെ കളംവിട്ട ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; പിഴ രണ്ടാഴ്ചക്കകം നല്‍കണം

കൊച്ചി: കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. നാല് കോടി രൂപ പിഴ വിധിച്ചതിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട് തള്ളി. ക്ലബ്ബിനെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് മഞ്ഞപ്പട സിഎഎസിനെ സമീപിച്ചിരുന്നത്. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയായിരുന്നു. മാത്രമല്ല അപ്പീല്‍ നല്‍കാനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ചെലവായ തുക ബ്ലാസ്റ്റേഴ്സ് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടിരിക്കുകയാണ് കേരള ക്ലബ്.

കഴിഞ്ഞ ജൂണില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ തള്ളിയിരുന്നു. നാലു കോടി പിഴത്തുകയില്‍ കുറവ് വരുത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കിയത്. കോച്ച് ഇവാന്‍ വുകൊമനോവിച്ചിന്റെ അപ്പീലും ഫെഡറേഷന്‍ അംഗീകരിച്ചിരുന്നില്ല. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സും വുകമനോവിച്ചും മാപ്പു പറഞ്ഞിരുന്നെങ്കിലും ഇതൊന്നും പിഴയടയ്ക്കല്‍ നടപടിയില്‍ നിന്ന് രക്ഷ നേടാന്‍ സഹായിച്ചില്ല. കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകൊമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്. ടീമിന്റെ ഡ്രസിങ് റൂമില്‍ വരെ പ്രവേശന വിലക്ക് ബാധകമായിരുന്നു.

2023 മാര്‍ച്ച് 3ന് ബെംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. സുനില്‍ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടിയതിനു പിന്നാലെ, റഫറി ഈ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുകൊമനോവിച്ച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. പ്ലേ ഓഫ് മത്സരത്തിന്റെ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് കോച്ച് താരങ്ങളെ തിരിച്ചുവിളിച്ചത്. മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് ടീം കളംവിട്ടപ്പോള്‍ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയില്‍ എത്തുകയും ചെയ്തു. 2023 മാര്‍ച്ച് 31നാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്.

 

മത്സരം പൂര്‍ത്തിയാകാതെ കളംവിട്ട ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; പിഴ രണ്ടാഴ്ചക്കകം നല്‍കണം

Share

Leave a Reply

Your email address will not be published. Required fields are marked *