ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്‌ഡെ, മുന്‍ എം.എല്‍.എമാരായ ബി.എം. സുകുമാര്‍ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാനായ ജയപ്രകാശ് ഹെഗ്‌ഡെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗലൂര്‍ സീറ്റില്‍നിന്ന് ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2012ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയുണ്ടായി.
ബ്രഹ്‌മവാര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ഒരു തവണ സ്വതന്ത്രനായും മറ്റൊരു തവണ പഴയ ജനതാളിന്റെ സ്ഥാനാര്‍ഥിയുമായാണ് മത്സരിച്ചത്. അന്നത്തെ ജനതാദള്‍ സര്‍ക്കാറില്‍ തുറമുഖ, ഫിഷറീസ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉഡുപ്പി ജില്ലയുടെ രൂപീകരണത്തിന് നിര്‍ണായക പങ്കുവഹിച്ചു. അഭിഭാഷകനായ ഹെഗ്‌ഡെയെ 2015ല്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സസ്?പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ബി.എം. കുമാര്‍ ഷെട്ടിയും കുമാരസ്വാമിയും മുന്‍ ബി.ജെ.പി എം.എല്‍.എമാരാണ്. 2018ല്‍ ബൈന്ദൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നാണ് ബി.എം.സുകുമാര്‍ ഷെട്ടി വിജയിച്ചത്. കുമാരസ്വാമി മൂന്ന് തവണ മുടിഗെരെ നിയമസഭയില്‍നിന്ന് വിജയിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് കുമാരസ്വാമി ജെ.ഡി.എസ് ടിക്കറ്റില്‍ മുടിഗെരെയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഊര്‍ജ മന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയ നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് മൂവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് മൂന്നുപേരും വ്യക്തമാക്കി.