കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6075 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 48,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച കുതിപ്പ് നിലവില്‍ നിശ്ചലമായി തുടരുകയാണ്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരുന്നു. പിന്നീട് 48000 കടന്ന സ്വര്‍ണവില രണ്ടു തവണ റെക്കോര്‍ഡ് ഭേദിച്ച് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെ പവന്‍ വില 50,000 തൊടുമെന്ന സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വില കുറച്ചു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
മാര്‍ച്ച് മാസം തുടങ്ങിയതുമുതല്‍ വിലയുടെ കാര്യത്തില്‍ അനുദിനം റെക്കോഡ് ഭേദിക്കുകയാണ് സ്വര്‍ണം. വെറും ഒരാഴ്ചയില്‍ സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വര്‍ധനയാണ്. മാര്‍ച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ആഗോള തലത്തില്‍ ഔണ്‍സിന് 2,700 ഡോളറിന് മുകളിലാണ് സ്വര്‍ണവില.