കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 6075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം മുതലാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച 48,000 കടന്നും മുന്നേറിയ സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്.