അഹ്‌മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടയില്‍ പാര്‍ട്ടിയെ അത് ബാധിച്ചിട്ടില്ലെന്നും പുതിയ മുഖങ്ങള്‍ പാര്‍ട്ടിയിലേക്ക് വരുന്നതിന് അത് സഹായിച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്.
ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തിയ സാഹചര്യത്തില്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത് എന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി കൊണ്ടുപോകുന്നതിലൂടെ അര്‍ഹരായ ആളുകള്‍ക്ക് അവസരം ലഭിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് രമേശ് പറഞ്ഞു.
‘ഞങ്ങളുടെ സംഘടനയില്‍, അനുഭവസമ്പജ്ഞരായ ധാരാളം യുവജനങ്ങളും സ്ത്രീകളും നേതാക്കളുമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് അവര്‍ക്കിതുവരെ ഒരു അവസരം ലഭിച്ചിട്ടില്ല. പാര്‍ട്ടി വിട്ട് വ്യക്തികള്‍ പോകുന്നത് കാണേണ്ടിവരുന്നത് വളരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് 30ഉം 40ഉം വര്‍ഷം പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിക്കുകയും പാര്‍ട്ടിക്കകത്ത് നിന്ന് വലിയ പിന്തുണയും ലഭിച്ചവര്‍.
ന്യായമായ ഓഹരിയിലധികം ലഭിച്ചിട്ടും അവര്‍ പോകാന്‍ തീരുമാനിച്ചത് വളരെ ഖേദകരമാണ്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ഒരാള്‍ പുറത്തുപോകുമ്പോള്‍, ആയിരങ്ങള്‍ക്കാണ് മുന്നോട്ട് വരാന്‍ വഴിയൊരുങ്ങുന്നത്,’ രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയതിന് പിന്നാലെ കളം മാറ്റി ചവിട്ടിയ പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാദിയയുടെ സഹോദരനും മുന്‍ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാംദേവ് മോദ്വാദിയയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.