ബെയ്ജിങ്: വിമാനത്തിന്റെ എന്‍ജിനിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് സന്യയില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത് മണിക്കൂറുകള്‍. രാവിലെ 10 മണിക്ക് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം നാലു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. നീണ്ട അന്വേഷണത്തിനൊടുവിലാണ് യാത്രക്കാരനാണ് വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയം ഇട്ടതെന്ന് കണ്ടെത്തുന്നത്. ഇയാള്‍ 5 നാണയങ്ങള്‍ എന്‍ജിനിലേക്ക് ഇട്ടതായി സമ്മതിച്ചു. യാത്ര സുഗമമാകാനാണ് അന്ധവിശ്വാസത്തിന്റെ പുറത്ത് ഇയാള്‍ നാണയം എന്‍ജിനിലേക്കിട്ടത്.
മെയിന്റനന്‍സ് ജീവനക്കാരുടെ സമഗ്രമായ സുരക്ഷാ പരിശോധനയിലാണ് വിമാനം പുറപ്പെടും മുന്‍പ് എന്‍ജിനിലെ നാണയങ്ങള്‍ കണ്ടെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ നാണയങ്ങള്‍ കണ്ടെത്തിയതായി എയര്‍ലൈനും സ്ഥിരീകരിച്ചു. ഇങ്ങനെ അപരിഷ്‌കൃതമായ രീതിയില്‍ പെരുമാറരുതെന്ന് സതേണ്‍ എയര്‍ലൈന്‍സ് യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ഇത് വ്യോമയാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.
2021ലും സമാന സംഭവം ചൈനയിലുണ്ടായിട്ടുണ്ട്. വിമാനത്തിന്റെ എന്‍ജിനിലേക്ക് നാണയങ്ങള്‍ ഇടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച ഒരു യാത്രക്കാരനായിരുന്നു അതിനു പിന്നില്‍. അന്ന് മറ്റു മാര്‍മില്ലാതെ വിമാനം റദ്ദാക്കി. വെയ്ഫാങ്ങില്‍ നിന്ന് ഹൈക്കൗവിലേക്ക് 148 യാത്രക്കാരുമായി പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വാങ് എന്ന് പേരുള്ള ആള്‍ ചുവന്ന പേപ്പറില്‍ പൊതിഞ്ഞ നാണയങ്ങള്‍ എന്‍ജിനിലേക്ക് ഇടുകയായിരുന്നു. വിമാനം പറന്നുയരുന്നതിനു മുന്‍പ് റണ്‍വേയില്‍ ചില നാണയങ്ങള്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിച്ചു. അപകടസാധ്യതയെക്കുറിച്ച് അവര്‍ അറിയിക്കുകയും വിമാനം റദ്ദാക്കുകയുമായിരുന്നു.
യാത്ര സുഗമമാകാന്‍ വിമാനത്തിന്റെ എന്‍ജിനിലേക്ക് 5 നാണയങ്ങളിട്ടു; പിന്നീട് യാത്രയ്ക്ക് സംഭവിച്ചത് ഇതാണ്