മുംബൈ: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇപ്പോള്‍ നേപ്പാളിലും പ്രവര്‍ത്തിച്ചു തുടങ്ങിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ). ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇന്ത്യക്കാര്‍ക്ക് നേപ്പാളിലും പണം കൈമാറാന്‍ സാധിക്കുമെന്ന് എന്‍സിപിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്‍സിപിഐയും നേപ്പാളിലെ പേയ്മെന്റ് നെറ്റ്വര്‍ക്ക് ആയ ഫോണ്‍പേ പെയ്മെന്റ് സര്‍വീസും തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുപിഐ നേപ്പാളിലും ഉപയോഗിക്കുന്നതിനു വഴി തെളിഞ്ഞത്.
ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യന്‍ പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നേപ്പാളി കച്ചവടക്കാര്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാനാവും. ഇന്ത്യന്‍ യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമാവുന്നതാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ ശക്തമാവാന്‍ ഇതുപകരിക്കുമെന്ന് എന്‍സിപിഐ പറഞ്ഞു.