കൊച്ചി:കോതമംഗലം പ്രതിഷേധക്കേസില്‍ ജാമ്യം കിട്ടിയ കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. പൊലീസ് വാഹനം തകര്‍ത്ത കേസിലാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ കോടതി പരിസരത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഷിയാസും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കോടതിയിലേക്ക് ഓടിക്കയറി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു. രണ്ടരയോടെ കേസ് വീണ്ടും കോടതി പരിഗണിക്കും.
മാത്യു കുഴല്‍നാടനും ഷിയാസും മാധ്യമങ്ങളെ കണ്ട ശേഷം പിരിഞ്ഞുപോകുമ്പോഴാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയും സംഘവും ഷിയാസിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎസ്പിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. മുമ്പ് നടന്ന പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തകര്‍ക്കുകയും താക്കോലെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ വാഹനം മോഷ്ടിച്ചുവെന്നടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഷിയാസടക്കമുള്ളവര്‍ ഇപ്പോള്‍ കോടതിക്കകത്ത് നില്‍ക്കുകയാണ്. നേരത്തെ ജാമ്യം ലഭിച്ച കേസിലെ നടപടികള്‍ തീരാനുമുണ്ട്. അതേസമയം, പുതിയ കേസില്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്.
നേര്യമംഗലത്തെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച ഡീന്‍ കുര്യാക്കോസ് എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ്, പൊതു മുതല്‍ നശിപ്പിക്കല്‍, ആശുപത്രി സംരക്ഷണ നിയമം എന്നീ ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ മാത്യു കുഴല്‍നടനെയും മുഹമ്മദ് ഷിയാസിനെയും അര്‍ധരാത്രിയില്‍ സമരപ്പന്തലില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം കിട്ടിയവരെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം;കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴല്‍നാടനും ഷിയാസും