ഉപഭോക്താവിനെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു; ടി.വി നിര്‍മാതാക്കള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഉപഭോക്താവിനെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു; ടി.വി നിര്‍മാതാക്കള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: ഉന്നത നിലവാരമുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നം വിറ്റത് അധാര്‍മ്മിക വ്യാപര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ഫുള്‍ എച്ച് ഡി ടിവി യുമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് എതിര്‍കക്ഷികള്‍ ഉപഭോക്താവിനെ കബളിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

എറണാകുളം കാലടി സ്വദേശി ജോണ്‍ പ്രകാശ് ബാവക്കാട്ട് എന്ന അഭിഭാഷകന്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന റി ഡാക്‌സ് ഇന്‍ഫോമാറ്റിക് സിസ്റ്റം സര്‍വീസസും ഗോട്ട് മാറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഹോം തിയേറ്ററില്‍ ഉപയോഗിക്കാന്‍ പറ്റിയ ആന്‍ഡ്രോയിഡ് ടിവി ക്കായി 42,000 രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ട പരസ്യത്തില്‍ ഹോം തിയറ്ററില്‍ ഉപയോഗിക്കാന്‍ പറ്റിയ ക്വാളിറ്റി ഉണ്ടെന്ന് ഉപഭോക്താവിനെ വിശ്വസിപ്പിച്ചാണ് എതിര്‍കക്ഷികള്‍ ടിവി വിറ്റത്. വ്യാജമായ പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച് എതിര്‍കക്ഷിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും സേവനത്തില്‍ ന്യൂനതയുണ്ടെന്നും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് അഭിപ്രായപ്പെട്ടു.

കോടതി നിയോഗിച്ച വിദഗ്ധന്‍ ടിവി പരിശോധിക്കുകയും പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിവിയുടെ വിലയായ 42 ,000 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 60,000/ രൂപയും ഒരു മാസത്തിനകം പരാതികാരന് നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനു വേണ്ടി അഡ്വ. ഇംത്യാസ് അഹമ്മദ് ഹാജരായി.

ഉപഭോക്താവിനെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു; ടി.വി നിര്‍മാതാക്കള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *