വയനാട്: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീന്‍ എം.കെ.നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥനും കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടി വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. എല്ലാം നിയമപ്രകാരം ചെയ്‌തെന്നായിരുന്നു വിസിക്ക് നല്‍കിയ വിശദീകരണം. ഇത് തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെന്‍ഷന്‍. അതേസമയം സസ്പെന്‍ഷന്‍ പോരെന്നും ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും സിദ്ധാര്‍ഥന്റെ പിതാവും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റല്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചെന്നും എം.കെ.നാരായണനും കാന്തനാഥനും മറുപടിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയത്.
ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരില്‍ സിദ്ധാര്‍ഥനെ ഗ്രൗണ്ടില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 14 മുതല്‍ 18ന് ഉച്ച വരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനം.