മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിക്കെതിരെ സായിബാബ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റേതാണ് വിധി. സായിബാബയ്ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട മറ്റു പ്രതികളുടെ അപ്പീലുകളും ഹൈക്കോടതി അനുവദിച്ചു. ഇതില്‍ ഒരാള്‍ അപ്പീല്‍ വാദത്തിനിടെ മരിച്ചിരുന്നു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സായിബാബയെ 2022 ഒക്ടോബറില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ മോചനം വൈകുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഹൈക്കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പുതിയ ബെഞ്ചില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു. വാദം കേട്ട ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്‍മീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തമാക്കിയത്.