തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ക്യാന്‍സര്‍ പരിചരണ രംഗത്ത് ഏറെ ഡിമാന്‍ഡുള്ള നൈപുണ്യ പരിശീലന കോഴ്‌സുകള്‍ തുടങ്ങുന്നു. നഴ്‌സിംഗ് മേഖലയിലെ സ്‌പെഷ്യലൈസേഷന്‍ സാധ്യമാക്കുന്ന കീമോതെറാപ്പി നഴ്സിംഗ്, മോളിക്കുലര്‍ ടെക്നിക്സ് ഫോര്‍ ക്ലിനിക്കല്‍ അപ്ലിക്കേഷന്‍, മെഡിക്കല്‍ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്സുകളാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ആരംഭിക്കുന്നതെന്ന് അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ആരോഗ്യമേഖലയില്‍ ലോകത്തെമ്പാടും അവസരങ്ങള്‍ ഉള്ളതാണ് ഈ മൂന്ന് കോഴ്സുകളെന്നും അവര്‍ പറഞ്ഞു. കോഴ്സുകള്‍ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ക്യാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ചികിത്സാ രംഗത്ത് വിദഗ്ധരായ മെഡിക്കല്‍ പ്രൊഫഷനുകളുടെ അഭാവവും ഉണ്ട്. ഈ മേഖലയില്‍ നിലവില്‍ നഴ്‌സിംഗ് പഠിച്ചവരാണ് അനുബന്ധ പരിചരണങ്ങളെല്ലാം ചെയ്തു വരുന്നത്. എന്നാല്‍ പ്രത്യേകം നൈപുണ്യമുള്ളവരെ ഈ രംഗത്ത് ഏറെ ആവശ്യമാണ്. ഈ വിടവ് നികത്താനാണ് ക്യാന്‍സര്‍ ചികിത്സാ രംഗത്തെ സ്‌പെഷ്യലൈസ്ഡ് നൈപുണ്യ വികസന കോഴ്‌സുകള്‍ അവതരിപ്പിച്ചത്.
മോളികുലാര്‍ ടെക്നിക്സ് കോഴ്സില്‍ ബയോടെക്നോളജി ആന്റ് അലൈഡ് സയന്‍സില്‍ ബിടെക്/ എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിയറിയും പ്രാക്ടിക്കല്‍ പരിശീലനവും മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് നടക്കും. മെഡിക്കല്‍ സെക്രട്ടറി കോഴ്സിന് 6 മാസത്തെ സ്‌റ്റൈപ്പന്റോട് കൂടിയുള്ള ഇന്റേണ്‍ഷിപ് അവസരവും അസാപ് കേരള ഉറപ്പാക്കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അസാപ് കേരളയും എം.സി.സിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999713, വെബ്‌സൈറ്റ്: https://asapkerala.gov.in/