പരീക്ഷക്കാലം എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ രക്ഷിതാക്കളിലും സമ്മര്‍ദ്ദമാണ്. പരീക്ഷയുടെ ആകുലതകളും ആശങ്കകളും കാരണം കുട്ടികളുടെ ഭക്ഷണ ക്രമം തെറ്റുന്നു. പരീക്ഷക്ക് പഠിക്കുന്നത് പോലെ പ്രധാനമാണ് ഭക്ഷണവും ആരോഗ്യവും ശ്രദ്ധിക്കുക എന്നത്.
പ്രത്യേക ഭക്ഷണം കഴിക്കുന്നത് കൊണ്ട് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഭക്ഷണ ക്രമം ശ്രദ്ധിക്കുന്നത് പരീക്ഷ സമയത്ത് കുട്ടികളുടെ ആരോഗ്യത്തിനും ഒപ്പം സമ്മര്‍ദ്ദം കുറക്കാനും സഹായിക്കും. കാരണം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മനോനിലയെ ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം പരീക്ഷക്കാലത്ത് പൂര്‍ണ്ണമായും ഒഴിവാക്കാം. ഓര്‍മ ശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ ശരിയായ ഭക്ഷണ ക്രമം ശീലിക്കാം.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. മുട്ട, കാരറ്റ്, മത്സ്യം, അണ്ടിപ്പരിപ്പ്, പച്ച നിറത്തിലുള്ള ഇലക്കറികള്‍, ബ്രോക്കോളി, ഇവയെല്ലാം കഴിക്കുക. ഇവയില്‍ ധാരാളം ആന്റിഓക്സൈഡുകള്‍ ഉണ്ട്. ജീവകം എ, ഇ, സി ധരാളമായി അടങ്ങിയ ഈ ഭക്ഷണങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ നാശം തടയും.
ധാരാളം വെള്ളം കുടിക്കുക, വെള്ളത്തിന്റെ അഭാവം തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവയ്ക്ക് കാരണമാവും. കാപ്പി, ചായ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഗ്രീന്‍ ടീ ശീലമാക്കാം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
ജീവകം ബി, സിങ്ക് എന്നിവ ലഭിക്കുന്നതിന് തവിട് കളയാത്ത അരി, ഓട്സ്, ബാര്‍ലി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കിടക്കാന്‍ പോകുന്നതിന് മുമ്പ് വയറു നിറയെ കഴിക്കരുത്. കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍മ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷക്കാലത്ത് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണം.
ഇത്രയും കാരങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷക്കാലത്ത് കുട്ടികളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും. അപ്പോള്‍ ഇനി പരീക്ഷക്കാലത്ത് ഭക്ഷണ കാര്യത്തിലും ആശങ്ക വേണ്ട.