തിരുവനന്തപുരം: നഴ്സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുടുംബത്തോടൊപ്പം വെയില്‍സിലേക്ക് പറക്കാന്‍ അവസരം. കേരള, വെല്‍ഷ് സര്‍ക്കാരുകള്‍ തമ്മില്‍ ഒപ്പുവച്ച പുതിയ കരാര്‍ പ്രകാരം 250 പേര്‍ക്കാണ് വെയില്‍സില്‍ തൊഴിലവസരമൊരുങ്ങുന്നത്. വെല്‍ഷ് സര്‍ക്കാരിന്റെ ‘ഇന്ത്യയിലെ വെയില്‍സ് വര്‍ഷം’ ആഘോഷത്തിന്റെ ഭാഗമായാണ് അവസരം. വെല്‍ഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോര്‍ഗനാണ് വെയില്‍സ് എന്‍എച്ച്എസില്‍ ജോലി ചെയ്യാന്‍ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോര്‍ഗനും കേരള സര്‍ക്കാരിന് വേണ്ടി നോര്‍ക്ക റൂട്ട്സ് സി ഇ ഒ ഇന്‍ ചാര്‍ജ് അജിത് കോളശേരിയുമാണ് ധാരണാപത്രം കൈമാറിയത്. മന്ത്രി വീണ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നോര്‍ക്ക – വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് എന്നിവരും പങ്കെടുത്തു. വെയില്‍സ് എന്‍എച്ച്എസിലെ നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രൊഫഷണലുകളുടെയും എണ്ണം റെക്കോര്‍ഡ് ആയിട്ടും ആഗോളതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം ഗണ്യമായി വര്‍ധിച്ചതായി വെല്‍ഷ് ആരോഗ്യ, സാമൂഹ്യ സേവന മന്ത്രി എലുനെഡ് മോര്ഗന് പറഞ്ഞു.
അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് നിക്ഷേപത്തിനും തദ്ദേശീയ ആരോഗ്യ പ്രവര്‍ത്തകരോടുള്ള പ്രതിബദ്ധതയ്ക്കും ഒപ്പം, തൊഴില്‍ ശക്തിയുടെ വിടവുകള്‍ നികത്താനും ഏജന്‍സി ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉപാധിയാണ്. ആരോഗ്യ പരിപാലന വിദഗ്ദ്ധരെ പരിശീലിപ്പിക്കുന്നതിലും വെയില്‍സിലേക്ക് വരാന്‍ അവരെ പിന്തുണയ്ക്കുന്നതിലും കേരളത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. അര്‍പ്പണബോധമുള്ള ഈ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സേവനങ്ങളില്‍ ചെലുത്തുന്ന വലിയ സ്വാധീനം നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. വെയില്‍സിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന ഭാവി ആരോഗ്യ പ്രവര്‍ത്തകരെ കണ്ടുമുട്ടാനാകുന്നത് ബഹുമതിയായി കണക്കാക്കുന്നുവെന്നും എലുനെഡ് മോര്ഗന് പറഞ്ഞു.