പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസിനെ കാനഡില്‍ നിന്ന് കാണാതായി. മറിയം റാസ എന്ന കാബിന് ക്രൂ അംഗത്തെയാണ് കാനഡയില്‍ നിന്ന് കാണാതായത്. ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് പിഐഎയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും അവരുടെ യൂണിഫോമും അധികൃതര്‍ കണ്ടെടുത്തു.
പിഐഎയില്‍ ജോലി ചെയ്ത് വരികയായിരുന്ന മറിയം ഫെബ്രുവരി 26-നാണ് ഇസ്ലാമാബാദില് നിന്നുള്ള വിമാനത്തില്‍ കാനഡയിലെ ടൊറോന്റോയില്‍ എത്തിയത്. എന്നാല്‍, വിമാനം തിരിച്ച് പാകിസ്താനിലേക്ക് പറക്കുന്നതിന് മുമ്പ് ഇവര്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. തുടര്‍ന്ന് അധികൃതര്‍ ഇവരുടെ ഹോട്ടല്‍ റൂമില്‍ നടത്തിയ പരിശോധനയിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും യൂണിഫോമും കണ്ടെത്തിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പിഐഎയുടെ ഭാഗമായിരുന്ന എയര്‍ ഹോസ്റ്റസുമാര്‍ കാനഡയിലെത്തിയിട്ട് അപ്രത്യക്ഷമായ സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഫെയ്സ മുഖ്താര്‍ എന്നുപേരായ കാബിന് ക്രൂ അംഗത്തെയും സമാനമായ രീതിയില്‍ കാണാതായിരുന്നു. കാനഡയിലെത്തി ഒരു ദിവസത്തിന് ശേഷം ഫെയ്സ തിരിച്ച് കറാച്ചിയിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാല്‍, അവര്‍ വിമാനത്തില്‍ ഡ്യൂട്ടിക്ക് എത്താതിരിക്കുകയും കാണാതാകുകയുമായിരുന്നുവെന്ന് പിഐഎ വക്താവ് അബുദുള്ള ഹഫീസ് ഖാന് പറഞ്ഞു.
സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് പിഐഎ നിലവില്‍ കടന്നുപോകുന്നത്. മറിയത്തിന്റെയും ഫെയ്സയുടെയും തിരോധാനം പിഐഎയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്), മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നുമുള്ള വായ്പകള്‍കൊണ്ടാണ് പാകിസ്താന് അതിജീവിക്കുന്നത്. 2023-ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താനില്‍ അനുഭവപ്പെട്ടത്. പാകിസ്താന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനാല്‍ വിദഗ്ധരായ ആളുകള്‍ രാജ്യം വിടുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്.
2019 മുതലാണ് പിഐഎയുടെ ഭാഗമായ കാബിന് ക്രൂ അംഗങ്ങള്‍ കാനഡയില്‍ അപ്രത്യക്ഷമാകുന്ന പ്രവണത തുടങ്ങിയതെന്ന് ഏവിയേഷന്‍ ന്യൂസ് വെബ്സൈറ്റായ സിംപിള്‍ ഫ്ളൈയിങ് റിപ്പോര്‍ട്ടു ചെയ്തു. കാനഡയിലും മറ്റ് രാജ്യങ്ങളിലും പിഐഎ കാബിന് ക്രൂ അംഗങ്ങള്‍ അഭയം നേടുന്നത് സംബന്ധിച്ച് 2018ല്‍ തന്നെ വിവിരം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.