റിയാദ്: സൗദി പ്രോ ലീഗിനിടെ ഗാലറിയില്‍നിന്നുള്ള ‘മെസി മെസി’ വിളികളോട് അശ്ലീലമായി പ്രതികരിച്ച സംഭവത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. സൗദി ലീഗില്‍ ഒരുകളിയിലാണ് സൂപ്പര്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മുപ്പതിനായിരം സൗദി റിയാല്‍ പിഴയും ഒടുക്കണം. ഈ തീരുമാനം അന്തിമമാണെന്നും അപ്പീലിന് അവസരമില്ലെന്നും അച്ചടക്ക സമിതി വ്യക്തമാക്കി.
അല്‍ ശബാബിനെതിരേ 3-2ന് വിജയിച്ചതിനു പിന്നാലെയാണ് അല്‍ നസര്‍ താരത്തിന്റെ വിവാദമായ പെരുമാറ്റമുണ്ടായത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ, ക്ലബ് ഫുട്ബോളില്‍ 750 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഗാലറിയില്‍നിന്നുള്ള ഒരു വിഭാഗത്തിന്റെ ‘മെസി മെസി’ വിളികളെ പ്രത്യേകമായ ആംഗ്യവിക്ഷേപത്തോടെയാണ് ക്രിസ്റ്റ്യാനോ നേരിട്ടത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇത് അശ്ലീലം നിറഞ്ഞ അംഗവിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചെവിക്ക് പിന്നില്‍ കൈപിടിച്ചും അരഭാഗത്ത് ഭാഗത്ത് കൈകൊണ്ട് ആവര്‍ത്തിച്ച് ആംഗ്യം കാണിച്ചുമാണ് ക്രിസ്റ്റ്യാനോ മെസ്സി വിളികളോട് പ്രതിഷേധമറിയിച്ചത്. സംഭവത്തില്‍ സൗദി ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ അന്വേഷണം നടത്തിയിരുന്നു.