ന്യൂഡല്‍ഹി: വിപണിയില്‍ പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ ഓഹരിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിനിടെ 12 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഇത് മൊത്തം വിപണിയെയും സ്വാധീനിച്ചു. സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്സ് ഏകദേശം 400 പോയിന്റ് ആണ് ഇടിഞ്ഞത്.
പ്രതിസന്ധി നേരിടുന്ന കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന് 45000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ദേശീയ ഓഹരി സൂചികയില്‍ 14 രൂപയിലേക്കാണ് വൊഡഫോണ്‍ ഐഡിയ ഓഹരി താഴ്ന്നത്.കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് മാത്രം മതിയോ എന്ന ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്. കമ്പനിക്ക് ഫൈവ് ജി സേവനം ഉടന്‍ തന്നെ തുടങ്ങാന്‍ കഴിയുമോ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. ഓഹരിയിലുടെയും കടപ്പത്രത്തിലൂടെയും ഫണ്ട് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വൊഡഫോണിന് പുറമേ ബജാജ് ഓട്ടോ, അപ്പോളോ ആശുപത്രി, പവര്‍ ഗ്രിഡ് , ഏഷ്യന്‍ പെയിന്റ്സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.