കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ 27 ന് നടക്കുന്ന ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. 27 ന് ചേരുന്ന യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച ലീഗും കോണ്‍ഗ്രസും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുസ്‌ലിം ലീഗിന്റെ അധിക സീറ്റില്‍ കോണ്‍ഗ്രസ് ഉപാധികള്‍ വെച്ചിരുന്നു. ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാം. 2026ല്‍ വഹാബ് ഒഴിയുമ്പോള്‍ ആ സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ഉപാധി. രാജ്യസഭയില്‍ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നല്‍കിയാല്‍ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോണ്‍ഗ്രസിന്റെ ഉപാധി. ലീഗ് കോണ്‍ഗ്രസ് സീറ്റ് വിഷയം സൗഹാര്‍ദപരമായി തീര്‍ക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.