തിരുവനന്തപുരം: വിദഗ്ധ ചികിത്സ തേടാതെ വീട്ടില്‍ പ്രസവത്തിന് ശ്രമിച്ചതിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നവാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് ഇവരെ പ്രതിചേര്‍ത്തത്. ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂര്‍വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്.
സംഭവത്തിന് പിന്നാലെ ആദ്യഭാര്യ റജീന ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകനായ ശിഹാബുദ്ദീന്‍ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നാണ് നയാസിന്റെ മൊഴി.
പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭര്‍ത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.