സെന്‍ട്രല്‍ ജയില്‍ ചാടിയ ഹര്‍ഷാദ് 40 ദിവസത്തിനു ശേഷം പിടിയില്‍; കാമുകിയും അറസ്റ്റില്‍

സെന്‍ട്രല്‍ ജയില്‍ ചാടിയ ഹര്‍ഷാദ് 40 ദിവസത്തിനു ശേഷം പിടിയില്‍; കാമുകിയും അറസ്റ്റില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അധികൃതരെ കബളിപ്പിച്ച് ജയില്‍ ചാടിയ തടവുകാരന്‍ 40 ദിവസത്തിനു ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി.സി.ഹര്‍ഷാദ് (34) ആണ് പിടിയിലായത്. ഹര്‍ഷാദിനു താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്‌നാട് ശിവഗംഗ സ്വദേശി അപ്‌സരയേയും (21) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചത്.

ജയില്‍ ചാട്ടത്തിന് ശേഷം ഹര്‍ഷാദ് ആദ്യം ബെംഗളൂരിലെത്തുകയായിരുന്നു. ഇതോടെ അപ്‌സരയും ബെംഗളൂരുവിലെത്തി. പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ഡല്‍ഹിയിലും എത്തി താമസിച്ചതായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധയില്‍ കണ്ടെത്തി. പിന്നീടാണ് തമിഴ്‌നാട്ടിലേത്ത് എത്തിയത്. തമിഴ്‌നാട്ടില്‍ എത്തിയതില്‍ പിന്നെ മൊബൈല്‍ ഫോണോ എടിഎമ്മോ ഇവര്‍ ഉപയോഗിച്ചില്ല. അപ്‌സരയാണ് ഭാരതിപുരത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തമിഴ്‌നാട്ടില്‍ എത്തിയ ആദ്യ നാളില്‍ ശിവഗംഗയില്‍ അപ്‌സരയും ഹര്‍ഷാദും സബ് കലക്ടറുടെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞു. പിന്നീടാണ് വാടകയ്ക്ക് എടുത്ത വേറൊരു വീട്ടിലേക്ക് താമസം മാറ്റിയത്. ടാറ്റൂ കലാകാരിയാണ് അപ്‌സര. ഇവര്‍ മുന്‍പ് തലശ്ശേരിയില്‍ ടാറ്റൂ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഹര്‍ഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്‌സര വിവാഹിതയാണ്. ഹര്‍ഷാദിനും ഭാര്യയും കുഞ്ഞുമുണ്ട്.

ലഹരിക്കേസില്‍ 10 വര്‍ഷത്തെ കഠിനതടവ് ശിക്ഷ അനുഭവിച്ചു വരവേ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഹര്‍ഷാദ് ജയില്‍ ചാടിയത്. രാവിലെ രാവിലെ 6.45ഓടെ പത്രം എടുക്കാന്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയ ഹര്‍ഷാദ്, തന്നെ ജയിലിന് മുന്നില്‍ ഗേറ്റിനു സമീപം കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ജയിലിലെ വെല്‍ഫെയര്‍ ഓഫിസുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്ന ഹര്‍ഷാദ് പതിവ് പോലെ പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയതായിരുന്നു. ഹര്‍ഷാദിനെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് ജയില്‍ അധികൃതര്‍ ടൗണ്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങുമ്പോഴേക്കും ഹര്‍ഷാദ് ബൈക്കില്‍ കൂട്ടുപുഴ പിന്നിട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ പൊലീസിന് വ്യക്തമായി.

പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചായിരുന്നു അന്വേഷണം. ഇതിനിടെ ഹര്‍ഷാദിനെ ജയില്‍ ചാടാന്‍ സഹായിച്ചത് റിസ്വാനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രണ്ടാഴ്ച മുന്‍പ് റിസ്വാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. റിസ്വാനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് ഹര്‍ഷാദിനെ കണ്ടെത്താനായത്. പിടിച്ചുപറി, കവര്‍ച്ച, അടിപിടി, കഞ്ചാവ് വില്‍പ്പന എന്നിങ്ങനെ ഹര്‍ഷാദിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 17 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹര്‍ഷാദിനെ തടവുചാടാന്‍ സഹായിച്ച മുഴുവന്‍ പേരെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യുമെന്നു ടൗണ്‍ എസിപി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

സെന്‍ട്രല്‍ ജയില്‍ ചാടിയ ഹര്‍ഷാദ് 40 ദിവസത്തിനു ശേഷം പിടിയില്‍; കാമുകിയും അറസ്റ്റില്‍

Share

Leave a Reply

Your email address will not be published. Required fields are marked *