കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതിക്ക് സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സത്യനാഥന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തില്‍ അനുശോചിച്ച് കൊയിലാണ്ടിയില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഇന്നലെ രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തില്‍ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാര്‍ പറയുന്നത്.