കോഴിക്കോട്: കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമയുമായി ഫാറൂഖ് എ എല്‍ പി സ്കൂള്‍. സ്കൂളിലെ അധ്യാപകന് ഫൈസല്‍ അബ്ദുള്ള സംവിധാനം നിര്‍വ്വഹിച്ച ഔട്ട് ഓഫ് ടെന്‍ ശനിയാഴ്ച കാലത്ത് 9 മണിക്ക് രാമനാട്ടുകര സുരഭി സിനമാസില് ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ പ്രദര്‍ശനം നടക്കുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.എം.മുഹമ്മദ് കുട്ടിയും, ഫൈസല്‍ അബ്ദുള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും, അവരോട് സമൂഹം സ്വീകരിക്കുന്ന മന:ശാസ്ത്ര സമീപനവുമാണ് സിനിമയുടെ പ്രമേയം. സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇശല്‍ റഹ്മാന്, രാഹുല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയില്‍ 40ഓളം കുട്ടികള്‍ വേഷമിടുന്നു. ആര്‍ട്ടിസ്റ്റും, അധ്യാപികയുമായ ശ്രുതി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഫൈസല്‍ അബ്ദുള്ളയും, സലാം തറമ്മലുമാണ് തിരക്കഥ. സ്കൂളിന്റെ പിടിഎ പ്രസിഡണ്ട് പി.പി.ഹാരിസാണ് ക്യാമറാമാന്. സ്കൂളിലെ മുഴുവന്‍ അധ്യാപകരും സിനിമയുടെ ക്രൂ ആയി പ്രവര്‍ത്തിക്കുന്നു. സിനിമാ നിര്‍മ്മാണത്തിന് വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് സാമ്പത്തിക സഹായം നല്‍കിയത്. മുപ്പത് മിനിട്ടാണ് സിനിമ ദൈര്‍ഘ്യം. ഉച്ചക്കഞ്ഞി, തൊട്ടാവാടി, തല്ലുകൊള്ളികള്‍ എന്നീ ഹ്രസ്വ ചിത്രങ്ങളും ഫൈസല്‍ അബ്ദുള്ള ഇതിന് മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പി.പി.ഹാരിസ്, ജഹാംഗീര്‍ കബീര്‍, സലാം തറമ്മല്‍, നിയാസ്, വിദ്യാര്‍ത്ഥികളായ രാഹുല്‍.എം, ഇശല്‍ ഈമാന്‍.വി എന്നിവരും പങ്കെടുത്തു.