കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികള്‍ കേരളത്തിലും വിദേശത്തുമായി നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന 25 കേന്ദ്രങ്ങളില്‍ മാപ്പിള സാഹിത്യ സെമിനാര്‍, മാപ്പിള കലോത്സവം, ശില്‍പശാലകള്‍, കലാലയ സ്‌നേഹ ദൂത്, ആദരങ്ങള്‍, മാപ്പിളപ്പാട്ട് രചന, ആലാപന മത്സരങ്ങള്‍ എന്നിവ ഒരുക്കും.
ആതുരാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, അനാഥ മന്ദിരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സ്‌നേഹ സ്പര്‍ശം, ചാരിറ്റി എന്നിവയും സംഘടിപ്പിക്കും. 2025 ജനുവരിയില്‍ വാര്‍ഷികാഘോഷ സമാപനം കോഴിക്കോട് നടക്കും. ചടങ്ങില്‍ വിവധ മേഖലകളില്‍ ശ്രദ്ധേയരായ ഏഴ് പേര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. ഈ മാസം 24ന് കൊണ്ടോട്ടിയില്‍ മാപ്പിള സാഹിത്യ സെമിനാറിനോട് കൂടി സില്‍വര്‍ ജൂബിലിക്ക് തുടക്കം കുറിക്കും. മൂന്ന് മാപ്പിള സാഹിത്യ ഗ്രന്ഥങ്ങള്‍ 25-ാം വാര്‍ഷിക ഉപഹാരമായി പുറത്തിറക്കും
മാപ്പിള കലാരംഗത്തും, സാഹിത്യ രംഗത്തും, ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ 7 വ്യക്തികളെയാണ് ഈ വര്‍ഷം ജൂറി തിരഞ്ഞെടുത്തത്. ഇശല്‍ രത്‌നം, പി.ടി.അബ്ദുറഹിമാന്‍ സ്മാരക പുരസ്‌കാരം, ടി.ഉബൈദ് സ്മാരക പുരസ്‌കാരം, വിളയില്‍ ഫസീല സ്മാരക പുരസ്‌കാരം, ഇശല്‍ സ്‌നേഹം, ഇശല്‍ സ്പര്‍ശം, റംലാ ബീഗം സ്മാരക പുരസ്‌കാരം എന്നിങ്ങനെയാണ് അവാര്‍ഡ്. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ബാപ്പു വെള്ളിപ്പറമ്പ് (രചന), റഹ്‌മാന്‍തായലങ്ങാടി(മാപ്പിള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന), മുക്കം സാജിത ഗായിക, ചന്ദ്രശേഖരന്‍ പുല്ലങ്കോട് (കവിത,നാടക, ഗാനരചന), അഷറഫ് താമരശ്ശേരി(ജീവകാരുണ്യം) പി.ടി.എം.ആനകര (ഖിസ്സ പാട്ട്), വി.എം.എ.സലാം ഈരാറ്റുപേട്ട (കാഥികന്‍) എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. 2025 ജനുവരിയിലെ സമാപന ചടങ്ങില്‍ 25 പേരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആരിഫ് കാപ്പില്‍, എ.കെ.മുസ്തഫ. ചാലോടന്‍ രാജീവന്‍, നൗഷാദ് വടകര, പി.വി.ഹസീബ് റഹ്‌മാന്‍, കെ.കെ.മുഹമ്മദ് റഫീഖ് പങ്കെടുത്തു.