കോഴിക്കോട്: അച്ഛനെ കൊന്നത് യുഡിഎഫ് ആണെന്ന് കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍.ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ലീഗ് നേതാവായ ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരന്‍ പറഞ്ഞു. കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്‌ന കുറ്റപ്പെടുത്തി.
ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം പാനൂര്‍ ഏരിയ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ടിപി കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്നുമായിരുന്നു ലീഗ് നേതാവ് ഷാജിയുടെ ആരോപണം.
”കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല. അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന്‍ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായതും. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു” ഷബ്‌ന പറഞ്ഞു.
”കണ്ണൂരില്‍ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസല്‍ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരികെ വരും. അവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും” ഷാജി പറഞ്ഞു
കുഞ്ഞനന്തന്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണു മരിച്ചത്. അസുഖത്തെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. കുഞ്ഞനന്തനു കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെപ്രാളമാണ് ഷാജിക്കെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ അവരിത് നിലനിര്‍ത്തുമെന്നും ഷബ്‌ന പറഞ്ഞു.