കല്‍പ്പറ്റ: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ ആളുകള്‍ കാല്ലപ്പെട്ടതിനെ തുടര്‍ന്ന് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്തി. കര്‍ണാടകയിലെയും കേരളത്തിലെയും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്.
1972ലെ വനം സംരക്ഷണ നിയമം സെക്ഷന്‍11 അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലാന്‍ അധികാരം നല്‍കുന്നുണ്ട്. അതിനു പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിനു കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കുന്നതിന് ആ അധികാരം ഉയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു വന്യ മൃഗശല്യവുമായി ബന്ധപ്പെട്ട് 15.82 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടില്‍ നിന്നും സര്‍ക്കാരിന് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാം. വയനാട്ടില്‍ വന്യമൃഗശല്യം മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. വയനാട്ടിലെ ഈ പ്രശ്‌നങ്ങള്‍ക്ക് കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളെ ഏകോപിപ്പിച്ചുകൊണ്ട് കര്‍മ പദ്ധതി തയാറാക്കും.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഫോണ്‍ കോളിലൂടെ പോലും അനുമതി നല്‍കാന്‍ സാധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് ജിതേന്ദ്ര കുമാര്‍ പറഞ്ഞു. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എസ്.പി.യാദവ്, ജില്ലാ കലക്ടര്‍ രേണുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.