മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായകനുമായ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നിയമജ്ഞരില്‍ ഒരാളായിരുന്നു ഫാലി എസ് നരിമാന്‍1971 മുതല്‍ സുപ്രീം കോടതി അഭിഭാഷകനാണ്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഫാലി നരിമാന്‍ 1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു

പല ഭരണ പരമായ വിഷയങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ അദ്ദേഹം നിലപാടെടുത്തിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിരുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം.
1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. അന്തര്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു നിയമജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഭരണഘടനാ അഭിഭാഷകരില്‍ ഒരാളായ അദ്ദേഹം നിരവധി പ്രമുഖ കേസുകള്‍ വാദിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ (1991), പത്മവിഭൂഷണ്‍ (2007) ഗ്രുബര്‍ പ്രൈസ് ഫോര്‍ ജസ്റ്റിസ് (2002) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1999-2005 കാലാവധിയില്‍ രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.

1929-ല്‍ റംഗൂണില്‍ പാര്‍സി മാതാപിതാക്കളായ സാം ബരിയാംജി നരിമാന്‍, ബാനു നരിമാന്‍ എന്നിവരുടെ മകനായിട്ടായിരുന്നു ജനനം. സാമ്പത്തിക ബിരുദ ധാരിയായിരുന്ന അദ്ദേഹം 1950- ല്‍ മുംബൈ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 22 വര്‍ഷത്തെ പ്രാക്ടീസിനുശേഷം, 1971-ല്‍ ഇന്ത്യന്‍ സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി.
1994 മുതല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കൊമേഴ്‌സ്യല്‍ ആര്‍ബിട്രേഷന്റെ പ്രസിഡന്റായും ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 മുതല്‍, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇന്റേണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വൈസ് ചെയര്‍മാന്‍ , 1988 മുതല്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, 1988 മുതല്‍ ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1999 നവംബറില്‍ യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് അദ്ദേഹത്തെ ഉപദേശക ബോര്‍ഡിലേക്ക് നിയമിച്ചു. കൂടാതെ 1995 മുതല്‍ 1997 വരെ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന റോഹിങ്ടന്‍ നരിമാന്‍ അദ്ദേഹത്തിന്റെ മകനാണ്.

 

 

 

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *