തിരുവനന്തപുരം:’എസ്സി, എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് നോട്ടിസില്‍ എഴുതി അമളി പിണഞ്ഞതിനു പിന്നാലെ, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനവുമായി കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര വീണ്ടും വിവാദക്കുരുക്കില്‍. പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലെ
‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാന്‍ അണിനിരക്ക കൂട്ടരേ’ എന്ന വരിയാണ് സംസ്ഥാന ബിജെപിക്ക് കുരുക്കായത്.
”ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…” എന്ന ‘സ്വാഭാവിക വരികള്‍ക്കു പിന്നാലെയാണ്, നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ‘അസ്വാഭാവിക’ വരികള്‍.
കേന്ദ്രഭരണത്തെ വിമര്‍ശിക്കുന്ന വരികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് ഈ വരികള്‍ ഉള്‍പ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇതിനു പിന്നാലെ താമരപ്പൊന്‍ കൊടി പിടിക്കാനും ഈ ഗാനത്തില്‍ ആഹ്വാനമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ അഴിമതിക്കാരെന്നു വിശേഷിപ്പിക്കുന്ന വരികളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്.