തെരുവില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍ അവിടെ തല ചായ്ക്കുന്നത് മറ്റൊരു ഗതിയുമില്ലാത്തത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അവരുടെ സുരക്ഷക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ഇങ്ങനെ കഴിയുന്നവരുടെ ഒരു വിവര ശേഖരണം തയ്യാറാക്കിയെങ്കില്‍ മാത്രമേ ഇവരെ എങ്ങിനെ സംരക്ഷിക്കാമെന്നതിന് ഒരു നയം രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്ക് മറ്റ് യാതൊരു സൗകര്യമില്ലാത്തത് കൊണ്ടാണോ തെരുവിലുറങ്ങുന്നത് എന്നത് ഇതിലൂടെ കണ്ടെത്താനാവും.
വലിയ പട്ടണങ്ങളിലും, ചെറിയ പട്ടണങ്ങളിലും ആളുകള്‍ തെരുവില്‍ കിടക്കുന്നുണ്ട്. ഇവരില്‍ പലരും അപകടത്തില്‍ പെടുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസ്്കാരിയെ കാണാതായത്. സംസ്ഥാനം മുള്‍മുനയില്‍ നിന്ന ഒരു രാത്രിയും ഒരു പകലിനും ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ഇത് വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാരുകള്‍ക്കും, സാമൂഹിക സേവന സംഘടനകള്‍ക്കും ഏല്‍പ്പിക്കുന്നത്. നല്ല സൗകര്യങ്ങളുപയോഗിച്ച് സുഖമായി ഉറങ്ങുന്നവരായ നമ്മളാണ് നമ്മുടെ സഹ ജീവികള്‍ തെരുവില്‍ കഴിയുമ്പോള്‍ അവരുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കേണ്ടത്.
തെരുവില്‍ കഴിയുന്നവരെ സംരക്ഷിക്കാന്‍ നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുകയും, അവരുടെ ശക്തമായ ഒരു ഡാറ്റ ഉണ്ടാക്കുകയും വേണം. ത്രിതല പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി സംവിധാനങ്ങളും, പോലീസും സംയുക്തമായി ഇക്കാര്യത്തിലിടപെടാന്‍ തയ്യാറാവണം. തെരുവില്‍ കിടക്കുന്നവരും മനുഷ്യരാണെന്നും ഈ രാജ്യത്തിന്റെ പൊതു സുരക്ഷിതത്വം അവര്‍ക്കും അവകാശപ്പെട്ടതാണെന്ന മനോഭാവത്തില്‍ വലിയ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാന്‍ തയ്യാറായാല്‍ അവരെ സംരക്ഷിക്കാനും വ്യക്തമായ ജീവിത മാര്‍ഗങ്ങളിലൂടെ അവരെ മുന്നോട്ട് നയിച്ച് അവിടങ്ങളില്‍ അന്തിയുറങ്ങുന്ന ഈ വലിയ വിഭാഗത്തെ കുറച്ച് കൊണ്ട് വരാന്‍ സാധിക്കും.