കര്‍ഷക സമരം മുന്നോട്ട്,കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയം

കര്‍ഷക സമരം മുന്നോട്ട്,കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയം

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നാളെ വീണ്ടും തുടരും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതിനെ തുടന്നാണ് നാളെ വീണ്ടും സമരം തുടങ്ങാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്. കേന്ദ്ര വാണിജ്യ -വ്യവസായ വകുപ്പ് മന്ത്രി, കൃഷി മന്ത്രി, ആഭ്യന്തര സഹ മന്ത്രി, പഞ്ചാബ് മുഖ്യമന്ത്രി, കര്‍ഷകര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. മൂന്ന്‌സഹകരണ സംഘങ്ങള്‍ മുഖേന മൂന്ന് പരിപ്പ് വര്‍ഗങ്ങള്‍, ചോളം, പരുത്തി എന്നിവയ്ക്ക് മിനിമം താങ്ങുവില (എംഎസ്പി) നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.
ഇനിയൊരു യോഗത്തിന്റെ ആവശ്യമില്ലെന്നും, സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കുക, അല്ലെങ്കില്‍ സമരം ചെയ്യാനനുവദിക്കണമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ പറഞ്ഞു. തങ്ങള്‍ നടത്തുന്ന സമരം ആരെയും ഉപദ്രവിക്കാനല്ലെന്നും അവര്‍ വ്യക്തമാക്കി.

ചര്‍ച്ചയിലെ കേന്ദ്ര തീരുമാനത്തെക്കുറിച്ച് തങ്ങള്‍ വിശദമായി മനസ്സിലാക്കിയെന്നും ഇത് കര്‍ഷകര്‍ക്ക് അനുകൂലമല്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ വ്യക്തമാക്കി.23 ധാന്യവിളകളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്ന ആവശ്യങ്ങളില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായത്തില്‍ പരിപ്പ് വര്‍ഗങ്ങളുടെ എംഎസ്പിക്ക് മാത്രം 1.5 ലക്ഷം കോടി രൂപ സര്‍ക്കാരിന് ആവശ്യമാണ്. എന്നാല്‍ 23 വിളകളുടെയും എംഎസ്പിക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും 1.75 ലക്ഷം കോടി രൂപയാണ് ചെലവ് വരികയെന്ന് വിദഗ്ദരെ ഉദ്ധരിച്ച് ദല്ലേവാള്‍ പറയുന്നു. ”പാം ഓയില്‍ ഇറക്കുമതി ചെയ്യാന്‍ നാം 1.75ലക്ഷം കോടി രൂപ ചെലവാക്കുന്നു. പാം ഓയില്‍ കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് നിരവധി രോഗങ്ങള്‍ വരുന്നു. ഓയില്‍ വിത്തുകള്‍ക്ക് സര്‍ക്കാര്‍ എംഎസ്പി നല്‍കിയാല്‍ ഇറക്കുമതിയുടെ 1.75 ലക്ഷം കോടി രൂപ നമുക്ക് ലാഭിക്കാം”, അദ്ദേഹം വ്യക്തമാക്കി.

രണ്ടാം കര്‍ഷക സമരത്തിലെ നാലാം ചര്‍ച്ചയാണ് ഇപ്പോള്‍ പരാജയപ്പെട്ടത് നേരത്തെ ഫെബ്രുവരി എട്ട്, 12, 15 തീയ്യതികളിലായി നടത്തിയ യോഗങ്ങളും സമാനരീതിയില്‍ പരാജയപ്പെടുകയായിരുന്നു.

 

 

 

 

കര്‍ഷക സമരം മുന്നോട്ട്,കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയം

Share

Leave a Reply

Your email address will not be published. Required fields are marked *