തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ചെസ്സിനോടുള്ള ആഭിമുഖ്യം വളര്‍ത്തുകയും അവരില്‍ മികച്ച പ്രശ്‌ന പരിഹാര- വിശകലന പാടവം വളര്‍ത്തുന്നതിനുമായി അസാപ് കേരളയും കാനറാ ബാങ്ക്, തിരുവനന്തപുരം ചെസ്സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റും അണ്ടര്‍ 19 ഓപ്പണ്‍ & ഗേള്‍സ് സെലക്ഷന്‍ ചാംപ്യന്‍ഷിപ്പും അസാപ് കേരളം സിഎംഡി ഡോ ഉഷ ടൈറ്റസ് കഴക്കൂട്ടം കിന്‍ഫ്രപാര്‍ക്കിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. കേശവമൂര്‍ത്തി, ഡിവിഷണല്‍ മാനേജര്‍, കാനറ ബാങ്ക്, രാജേന്ദ്രന്‍ ആചാരി, ട്രിവാന്‍ഡ്രം ചെസ്സ് അസോസിയേഷന്‍ സെക്രട്ടറി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ഓപ്പണ്‍ ടൂര്‍ണമെന്റ്, അണ്ടര്‍ 19 ഓപ്പണ്‍ ടൂര്‍ണമെന്റ്, അണ്ടര്‍ 19 ഗേള്‍സ് ടൂര്‍ണമെന്റ് എന്നി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
ഓപ്പണ്‍ സീനിയര്‍ വിഭാഗത്തില്‍ അര്‍ഷാദ് പി, അര്‍ജ്ജുന്‍ എസ് അനില്‍, അഭിഷേക് ടി എം എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി വിജയിച്ചു. അണ്ടര്‍ 19 ഗേള്‍സ് വിഭാഗത്തില്‍ അമേയ എ ആര്‍, മല്‍ഹ എ കെ, അദ്വിക ബി എസ് എന്നിവര്‍ വിജയിച്ചു. അണ്ടര്‍ 19 ഓപ്പണ്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ് മോഹന്‍, അക്ഷയ് എ ആര്‍, അനക്സ് കാഞ്ഞിരവിള എന്നിവരും വിജയിച്ചു. അണ്ടര്‍ 19 ഗേള്‍സ്, അണ്ടര്‍ 19 ഓപ്പണ്‍ വിഭാഗങ്ങളിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്ക് സംസ്ഥാന മത്സരങ്ങളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മത്സര വിജയികള്‍ക്ക് 75,000 രൂപ സമ്മാനത്തുകയായി ലഭിച്ചു.
അസാപ് കേരള ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു