തൃശൂര്‍: ബിജെപിയുടെ പത്ത് വര്‍ഷത്തെ ഭരണം ഇന്ത്യയ്ക്ക് 28 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. കെപിസിസി സമരാഗ്‌നി യാത്രയ്ക്ക് തൃശൂര്‍ തെക്കേഗോപുരനടയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് സൃഷ്ടിച്ചെടുത്ത ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 100 ലക്ഷം കോടി രൂപയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 200 ലക്ഷം കോടിയാകേണ്ടിയിരുന്ന ജിഡിപി 172 ലക്ഷം കോടിയിലേക്ക് താഴ്ത്താന്‍ മാത്രമാണ് നരേന്ദ്ര മോദിയുടെ ഭരണത്തിന് കഴിഞ്ഞത്. ബിജെപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റായ നയങ്ങളുമാണ് ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച മുരടിച്ചതിന് പിന്നില്‍. മോദിയുടെ ഏത് ഗ്യാരണ്ടിയാണ് ഇന്ത്യന്‍ ജനത വിശ്വസിക്കേണ്ടതെന്ന് കണക്കുകള്‍ നിരത്തി ചിദംബരം ചോദിച്ചു.
രണ്ട് കോടി തൊഴില്‍ പ്രതിവര്‍ഷം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ കയറിയ മോദി പത്ത് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കേണ്ടിയിരുന്നത് 20 കോടി തൊഴിലവസരങ്ങളായിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളില്‍ പോലും നിയമനം നടത്താത്ത അവസ്ഥയാണ്. കേന്ദ്ര സര്‍വകലാശാലകള്‍, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ആതുരാലയങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രം പത്ത് ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്.നിലവിലെ ഒഴിവുകള്‍ നികത്താനുള്ള വിമുഖത പോലെയാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ വൈമുഖ്യവും. പത്ത് ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ ഇതിനും അപ്പുറമാണ്. 40 ശതമാനം ബിരുദധാരികള്‍ തൊഴില്‍രഹിതരാണ്. അവരില്‍ പത്ത് ശതമാനവും ബിരുദം നേടി പത്ത് വര്‍ഷത്തിനിപ്പുറവും തൊഴില്‍രഹിതരായി തുടരുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മാത്രമേ കഴിയൂവെന്ന യാഥാര്‍ത്ഥ്യം കണക്കുകള്‍ സഹിതം നമുക്ക് മുന്‍പിലുണ്ട്. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ രാജ്യത്തെ 27 കോടി പാവപ്പെട്ടവരെ ദാരിദ്ര്യ രേഖയില്‍ നിന്നും ഉയര്‍ത്തി. കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ നിലവില്‍ ദാരിദ്യത്തില്‍ കഴിയുന്ന 22 കോടി ജനങ്ങളേയും മധ്യവര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കേരളജനത കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ടുകള്‍ നല്‍കണമെന്നും 20ല്‍ 20 സീറ്റും നല്‍കി യുഡിഎഫ് ജനപ്രതിനിധികളെ പാര്‍ലമെന്റിലേയ്ക്ക് അയക്കണമെന്നും ചിദംബരം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു.
ജനജീവിതം ഇത്ര ദുസഹമാക്കിയ ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. മകള്‍ വീണയുടെ മാസപ്പടി കേസില്‍ കോടതി ഉത്തരവ് വരുന്നതോടെ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വിദ്വേഷത്തിന്റെ കനലുകള്‍ വിതറി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഇതിനെതിരെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഊണും ഉറക്കവുമില്ലാതെ പോരാടണം. ഈ മഹായുദ്ധം വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു.
എം.പിമാരായ ടി.എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, രമ്യ ഹരിദാസ്, ജെബി മേത്തര്‍, എഐസിസി സെക്രട്ടറി റോജി എം.ജോണ്‍, നേതാക്കളായ എ.പി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, എ.എ ഷുക്കൂര്‍, പത്മജ വേണുഗോപാല്‍, വി.ടി ബല്‍റാം, അബ്ദുള്‍ മുത്തലീഫ്, ഡോ. സരിന്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്‍, ടി.വി ചന്ദ്രമോഹന്‍, എം.പി ജാക്സണ്‍,ടി.യു. രാധാകൃഷ്ണന്‍,പി.എം. നിയാസ്, പഴകുളം മധു , വി.പി സജീന്ദ്രന്‍, എം.എം നസീര്‍, പി.എ സലിം, കെ.പി.ശ്രീകുമാര്‍, കെ.ജയന്ത് , ദീപ്തി മേരി വര്‍ഗീസ്, നെയ്യാറ്റിന്‍കര സനല്‍, വിടി ബല്‍റാം, രാജന്‍ ജെ പല്ലന്‍ എന്നിവര്‍ പ്രസംഗിച്ചു.