ആര്‍.എം.പി.നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധി നല്ല വിധിയെന്ന് കെ.കെ.രമ. അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. പി.മോഹനന് അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും കൊലയാളികള്‍ക്കുവേണ്ടിയാണ് പാര്‍ട്ടി നിലകൊണ്ടതെന്നും രമ പറഞ്ഞു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത് എന്ന് പ്രോസിക്യൂഷനും കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനക്കേസില്‍ ഇത്രയധികം പേര്‍ ശിക്ഷിക്കപ്പെട്ട കേസുണ്ടാവില്ല. ടിപിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ആളാണ് കെ.കെ.കൃഷ്ണന്‍. ജ്യോതി ബാബു ഗൂഢാലോചനയില്‍ പങ്കാളിയെന്നും പ്രോസിക്യൂഷന്‍.
ആര്‍.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ 36 പ്രതികളില്‍ 12 പേരെയാണ് 2014ല്‍ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി.മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ അപ്പീലുകളിലാണ് 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. എല്ലാ പ്രതികളും ഈ മാസം 26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.