റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ വിമര്‍ശകനായിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മരണം ലോകം പ്രതീക്ഷിച്ചിരുന്നതാണ്. പുടിന്‍ ഏറ്റവും ഭയപ്പെടുന്ന മനുഷ്യനെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ച നവാല്‍സ്‌കി കഴിഞ്ഞ ദിവസമാണ് ‘മരിച്ചത്’.പുടിന്റെ വിമര്‍ശകരില്‍ ദുരൂഹമായി മരിക്കുന്ന ഏറ്റവും പുതിയ ആളാണ് നവാല്‍നിയെന്ന 47കാരന്‍. ഖാര്‍പിലെ ആര്‍ക്ടിക് ജയിലില്‍ നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതര കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ടവരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റഷ്യന്‍ ഫെഡറല്‍ പെനിറ്റെന്‍ഷിയറി സര്‍വിസ് ആണു വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ 20 വര്‍ഷമായി പുടിന്‍ വിമര്‍ശകരുടെ ദുരൂഹ മരണങ്ങള്‍ റഷ്യയുടെ ചരിത്രത്തിനൊപ്പമുണ്ട് . പ്രസിഡന്റിനെ വിമര്‍ശിച്ചവരില്‍ മിക്കവരും മരിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. പല മാധ്യമപ്രവര്‍ത്തകരെയും റഷ്യയിലെ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളെയെല്ലാം ‘വിദേശ ഏജന്റുമാര്‍’ എന്ന് ചാപ്പകുത്തി വേട്ടയാടുകയാണ്. നാട് കടത്തപ്പെട്ടവരും തുറങ്കലിലടക്കപ്പെട്ടവരും ഏറെയാണ്. വിമര്‍ശകരായ പലരും അപ്രതീക്ഷിതമായി ‘മരണപ്പെട്ടു’.
ഫോബ്‌സ് മാഗസിന്റെ റഷ്യന്‍ എഡിഷന്റെ എഡിറ്ററും അമേരിക്കന്‍ പൗരനുമായിരുന്ന പോള്‍ ക്ലബ് നിക്കോവിന്റെ മരണമാണ് ദുരൂഹ മരണങ്ങളില്‍ വന്‍ ചര്‍ച്ചയായത്. 2004 ലാണ് പോള്‍ വെടിയേറ്റ് മരിക്കുന്നത്. കൊലപാതകത്തില്‍ ചെചന്‍ വംശജര്‍ പിടിയിലായെങ്കിലും എല്ലാവരെയും വെറുതെവിട്ടു. എന്നാല്‍ എന്തിനാണ് ഇവര്‍ പോളിനെ കൊന്നതെന്ന അന്വേഷണം എങ്ങുമെത്തിയില്ല. റഷ്യന്‍ ഭരണകൂടം വാടകക്കെടുത്ത കൊലയാളികളാണിവര്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.2006 ല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കൊലപാതകത്തിന് ഇരയായത് രണ്ട് പേരാണ്. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അന്ന പൊളിറ്റ്‌കോവ്‌സ്‌കയ മോസ്‌കോയിലെ വീടിന് പുറത്തുവെച്ച് വെടിയേറ്റു മരിച്ചത് ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. റഷ്യയിലെ പ്രമുഖ സ്വതന്ത്ര പത്രമായ നോവയ ഗസറ്റയിലെ റിപ്പോര്‍ട്ടറായ പൊളിറ്റ്‌കോവ്‌സ്‌കയ പുടിനെ വിമര്‍ശിച്ചിരുന്നു. പുടിന്‍ വിമര്‍ശകനുമായ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെങ്കോയും കൊല്ലപ്പെടുന്നത് 2006 ല്‍ തന്നെയാണ്. ലണ്ടനില്‍വെച്ച് രണ്ട് റഷ്യന്‍ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിഷം കലര്‍ന്ന ചായ കുടിച്ചതാണ് മരണത്തിലേക്ക് എത്തിച്ചത്. പൊളോണിയം-210 എന്ന വിഷമാണ് അലക്‌സാണ്ടറുടെ ശരീരത്തിനുള്ളിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു. പുടിന്‍ ആസൂത്രണം ച്യെതതാണ് കൊലപാതകമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
പുടിന്‍ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ കേസുകള്‍ നയിച്ചിരുന്ന അഭിഭാഷകനായ സ്റ്റാനിസ്ലേവ് മാര്‍ക്കലോവ് 2009 ലാണ് കൊല്ലപ്പെടുന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമായിരുന്നു മാര്‍ക്കലോവിന്റെ ജീവനെടുത്തത്. ബോറിസ് ബെറെസോവ്‌സ്‌കി എന്ന വ്യവസായിയുടെ മരണമായിരുന്നു കൊലപാതക പരമ്പരയില്‍ പിന്നീട് ലോകം ശ്രദ്ധിച്ചത്. 2013 ലായിരുന്നു ആ മരണം. കുളിമുറിയില്‍ ദുരൂഹസാഹചര്യത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു പുടിന്‍ ഭരണകൂടം ലോകത്തെ അറിയിച്ചത്.
റഷ്യയെ ഞെട്ടിച്ച മരണമായിരുന്നു ബോറിസ് നെംട്‌സോവ് എന്ന പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖന്റെ മരണം. 2015 ല്‍ മോസ്‌കോയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ബോറിസ് കൊല്ലപ്പെടുന്നത്. റഷ്യ തുടരുന്ന യുക്രയിന്‍ വിരുദ്ധ നിലപാടിനെതിരെ നിലകൊള്ളുകയും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് മുന്‍നിരയിലുണ്ടാവുകയും ചെയ്തിരുന്ന അദ്ദേഹം പുടിന്റെ നോട്ടപ്പുള്ളിയായിരുന്നു. നെംട്‌സോവിന്റെ കൊലപാതകത്തില്‍ അഞ്ച് പേരെ ശിക്ഷിച്ചെങ്കിലും ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല.റഷ്യന്‍ വാര്‍ത്താമന്ത്രിയായിരുന്ന മിഖായേല്‍ ലെസിന്റെ മരണമായിരുന്നു ഈ തുടര്‍ച്ചയില്‍ അടുത്തത്. 2016 ല്‍ വാഷിങ്ടണിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂര മര്‍ദ്ദനമേറ്റതും വിഷം ഉള്ളില്‍ ചെന്നതുമായിരുന്നു മരണകാരണമെന്നായിരുന്നു കണ്ടെത്തല്‍.
പുടിന്റെ വിമര്‍ശകനും പാര്‍ലമെന്റംഗവും വ്യവസായിയുമായിരുന്ന പാല്‍ ആന്റോവും സുഹൃത്തും 2022 ല്‍ ഇന്ത്യയില്‍ വെച്ചാണ് മരിക്കുന്നത്. സഹയാത്രികനായ വ്‌ലാദിമര്‍ ബിഡെനോവ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒഡീഷയിലെ ഹോട്ടലില്‍ വെച്ച് ആദ്യം മരിക്കുന്നു. പിന്നാലെ അതെ ഹോട്ടലിന്റെ ജനലില്‍ കൂടി പാല്‍ ആന്റോവ്താഴേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. യുക്രയിന് പിന്തുണ നല്‍കിയ വ്യവസായി ഡാന്‍ റാപോപോര്‍ട്ടിനെ 2022 ല്‍ വാഷിങ്ടണില്‍ കൊല്ലപ്പെട്ടു. അക്വഡിസ്‌കോ എന്ന ഗാനത്തില്‍ പുടിന്‍ വിമര്‍ശനം വന്നതിന് പിന്നാലെ പോപ് ഗായകന്‍ ദിമനോവയെയും 2023 ല്‍ മരിച്ച നിലയില്‍ കണ്ടെത്തി.യെവ്‌ഗെനി പ്രിഗോഷിനാണ് അലക്‌സി നവാല്‍നിക്ക് മുന്നെ കൊല്ലപ്പെടുന്ന പ്രമുഖന്‍. റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് തലവനായിരുന്ന പ്രിഗോഷിന്‍ വാഹനാപകടത്തിലാണ് മരിക്കുന്നത്. വാഗന്ര്‍ ഗ്രൂപ്പ് മോസ്കോയിലേക്ക് പട നയിച്ചത് പുടിനെ ഞെട്ടിച്ചിരുന്നു. വിമര്‍ശകര്‍ക്ക് പിന്നില്‍ മരണം പതുങ്ങിയിരിക്കുന്നുവെന്ന ഭീഷണിയാണ് ഓരോ മരണത്തിലൂടെയും പുടിന്‍ ഭരണകൂടം നല്‍കുന്നത്.