രാഷ്ടീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് (കടപത്ര പദ്ധതി) റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കളായ കേന്ദ്ര ഭരണം നടത്തുന്ന ബിജെപിക്കുള്ള കനത്ത തിരിച്ചടികൂടിയാണ്. രാജ്യം തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി പരമോന്നത കോടതിയുടെ ഭരണാഘടനാ ബെഞ്ച് റദ്ദാക്കിയെന്നത് ശ്രദ്ധേയമാണ്.
പേര് വെളിപ്പെടുത്താത്ത സംഭാവന രീതിയിലൂടെ കോര്‍പ്പറേറ്റുകള്‍ക്കും, വന്‍കിടക്കാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കാനാകും.ഇത് ജനാധിപത്യ ഭരണ കൂടങ്ങള്‍ക്ക് മേല്‍ പൊതു താല്‍പര്യത്തേക്കാള്‍ ബാഹ്യ താല്‍പര്യത്തിനിടയാക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, അറിയാനുള്ള അവകാശത്തിന്റയും ലംഘനം കൂടിയാണ് പേരു വെളിപ്പെടുത്താനാവാത്ത ഈ സംഭാവന രീതി. ഇത് സുതാര്യമായ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും.
ഇലക്ട്രല്‍ബോണ്ട് സുതാര്യത ഇല്ലാതാക്കുമെന്നും, കള്ളപ്പണമൊഴുകാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയ സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജികളിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത.് ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിന് പോയ സിപിഎം അടക്കമുള്ളവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
2018 ജനുവരി മുതലാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് ഇലക്ട്രല്‍ ബോണ്ടുകളിലൂടെ പണം സ്വീകരിക്കാമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. അന്ന് ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കും, തിരഞ്ഞെടുപ്പ് കമ്മീഷനും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രല്‍ ബോണ്ട് ആരംഭിച്ചതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന പരിശോധിക്കുമ്പോള്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് ലഭിച്ച സംഭാവന വിലയിരുത്തുമ്പോള്‍ തന്നെ വ്യക്തമാണ് ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍(അതില്‍ കള്ളപ്പണമടക്കം വന്നു ചേരും) സഹായകരമാണിതെന്ന്.
ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച പണത്തിന്റെ കണക്ക് ശേഖരിച്ചിട്ടില്ലെന്ന ഇലക്ഷന്‍ കമ്മീഷന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി കണക്കുകള്‍ ഹാജരാക്കാന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളേയും സ്ഥാപനങ്ങളേയും ഭീഷണിപ്പെടുത്തി സംഭാവന പിരിക്കാന്‍ ഇതിടയാക്കും. വന്‍കിട കോര്‍പ്പറേറ്റുകളും, വ്യവസായികളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുമ്പോള്‍ അവരുടെ താല്‍പര്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ഇവിടെയെല്ലാം മുറിവേല്‍ക്കുന്നത് നമ്മുടെ ജനാധിപത്യത്തിനാണ്.
ചരിത്ര പരവും, ഭരണ കക്ഷികളായ പാര്‍ട്ടികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് സുപ്രീം കോടതി വിധി. അധികാരത്തിന്റെ ഹുങ്കില്‍ എന്തും നടപ്പാക്കാമെന്ന തല്‍പര കക്ഷികളുടെ ഗൂഢ നീക്കം തകര്‍ന്നടിയുമ്പോള്‍, രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയും, പ്രത്യാശയുമായി നമ്മുടെ പരമോന്നത കോടതി നിലകൊള്ളുന്നത് പ്രതീക്ഷാ നിര്‍ഭരമാണ്.