കോഴിക്കോട് : കേരളത്തിലെ മാധ്യമ പരിശീലന സ്ഥാപനങ്ങളില്‍ മുന്‍നിരയിലുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) മികച്ച പ്രവര്‍ത്തനത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഇതിനകം 27 ബാച്ചുകളിലായി 700 ലേറെ വിദ്യാര്‍ത്ഥികള്‍ ഐ.സി.ജെ യില്‍ നിന്ന് മാധ്യമ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ സ്ഥാപനങ്ങളില്‍ നല്ല നിലയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഐ സി ജെ യില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 27 ബാച്ച് വിദ്യാര്‍ത്ഥികളും ഒത്ത് ചേരുന്ന മെഗാ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ‘ന്യൂസ്റ്റാള്‍ജിയ’ എന്ന പേരില്‍ നടക്കുന്ന അലുംനി മീറ്റ് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 18 ന് (ഞായര്‍)കാലത്ത് 10 മണിക്ക് ‘ദ ടെലഗ്രാഫ് ‘ എഡിറ്റര്‍ അറ്റ് ചാര്‍ജ് ആര്‍. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തവരെ ആദരിക്കും.
പരിപാടി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഐ സി ജെ ഗവേണിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഫിറോസ് ഖാന്‍, മുന്‍ ചെയര്‍മാന്‍ കമാല്‍ വരദൂര്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഉമ്മര്‍ പുതിയോട്ടില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വി ഇ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.