കൊല്ലം: പട്ടാഴിയില്‍ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥികള്‍ കല്ലടയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍. വെണ്ടാര്‍ ശ്രീ വിദ്യാധിരാജാ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് ഇരുവരെയും കാണാതാകുന്നത്.
ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ആദ്യം മാതാപിതാക്കള്‍ കരുതിയത്. ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ കുളിക്കാന്‍ പുഴയിലിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.