ഇലക്ടറല്‍ ബോണ്ട്: വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, സുപ്രീം കോടതി

ഇലക്ടറല്‍ ബോണ്ട്: വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി വിധിച്ചു.കള്ളപ്പണം ഒഴിവാക്കാനുള്ള പോംവഴിയല്ല ഇലക്ട്രല്‍ ബോണ്ടെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്.

അംഗീകൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇലക്ട്രല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നതുമാണ് ചോദ്യംചെയ്യപ്പെട്ടത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന പണമായി നല്‍കുന്ന പഴയരീതിയിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവകരമായ പിഴവുകള്‍ പരിഹരിക്കണമെന്നും കേസ് വിധിപറയാന്‍ മാറ്റവേ സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹര്‍ജി നല്‍കിയത്.

ബോണ്ടുകള്‍വഴി സംഭാവന നല്‍കുന്നവര്‍ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാര്‍ട്ടികള്‍ക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കള്‍ ഉദ്ദേശിക്കുന്നതും. 2018 മുതലാണ് ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്.

 

 

 

 

ഇലക്ടറല്‍ ബോണ്ട്: വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്, സുപ്രീം കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *