വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് ഫണ്ടില്ല; പ്രഖ്യാപനം മാത്രം

വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് ഫണ്ടില്ല; പ്രഖ്യാപനം മാത്രം

സംസ്ഥാനത്ത് വന്യജീവി ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് പ്രഖ്യാപനം മാത്രം. അതിനുള്ള ഫണ്ട് സര്‍ക്കാരിനില്ല.നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിലാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാരം ലഭിക്കാനുള്ളത് 7,235 പേര്‍ക്ക്. മരിച്ചവരുടെ ആശ്രിതര്‍ക്ക് മാത്രം അഞ്ചു കോടി 71 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്. വയനാട്ടില്‍, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്, നേരത്തെ വന്യമൃങ്ങളുടെ ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയത്.

മതിയായ ഫണ്ടില്ലാത്തതാണ് നഷ്ടപരിഹാര വിതരണത്തിന് തടസം സൃഷ്ടിച്ചത്. വ്യക്തമായ രേഖകളുടെ അഭാവം, പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കാത്തത്, അപേക്ഷ സമര്‍പ്പിച്ചതില്‍ വന്ന കാലതാമസം എന്നീ കാരണങ്ങളും തിരിച്ചടിയായെന്നും മന്ത്രി വ്യക്തമാക്കി. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ യഥാവിധി സമര്‍പ്പിക്കുന്ന മുറയ്ക്കും പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചും മുന്‍ഗണന ക്രമത്തില്‍ അപേക്ഷ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വനത്തിന് അകത്തും പുറത്തും വച്ച് സംഭവിക്കുന്ന വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ജീവഹാനി നേരിടുന്നവരുടെ ആശ്രിതര്‍ക്കും വനംവകുപ്പ് നഷ്ടപരിഹാരം നല്‍കിവരുന്ന നിലവിലെ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതിയായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ, നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് ഫണ്ടില്ല;
പ്രഖ്യാപനം മാത്രം

Share

Leave a Reply

Your email address will not be published. Required fields are marked *